‘കാരുണ്യ ധര്‍മസ്‌നേഹി’ യായ നിഷാമിന്റെ ജയില്‍മോചനത്തിന് ജന്മനാട്ടില്‍ പൊതുയോഗം

തൃശൂര്‍: സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാമിന്റെ മോചനത്തിനായി ജന്മനാട്ടില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. നിഷാമിന്റെ നാട്ടുകാരാണ് ഇന്ന് അന്തിക്കാടിനു സമീപം മുറ്റിച്ചൂരില്‍ യോഗം വിളിച്ചിരിക്കുന്നത്. നിഷാം കാരുണ്യവാനും ധനസഹായിയുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വിശദീകരിച്ചു നോട്ടിസ് പ്രചാരണവും ആരംഭിച്ചു.

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബരവാഹനം ഇടിച്ചും മര്‍ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയ മുഹമ്മദ് നിഷാം ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നിഷാമിനെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് അദേഹത്തിന്റെ നാടായ അന്തിക്കാടിനു സമീപമുള്ള മുറ്റിച്ചൂരില്‍ പൊതുയോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന യോഗത്തിനു പിന്നില്‍ നിഷാമിന്റെ സുഹൃത്തുക്കളും തൊഴിലാളികളുമാണ്. നിഷാമിനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ടു പ്രചരിപ്പിക്കുന്ന നോട്ടിസില്‍ നിഷാമിനെ വാനോളം പുകഴ്ത്തുന്നുണ്ട്.

യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിഷാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും പൊതുയോഗത്തെ സൂചിപ്പിച്ച് ഇറക്കിയ നോട്ടീസിലുണ്ട്. ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബം അനാഥമാവുമെന്നും നോട്ടീസിലുണ്ട്.

പൊതുകാര്യ ധനസഹായി, കാരുണ്യ ധര്‍മസ്‌നേഹി, കായികസംരംഭ പ്രവര്‍ത്തകന്‍ എന്നിവയാണു കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങള്‍.

കോടികളുടെ ആസ്തിയുള്ള നിഷാം ശിക്ഷിക്കപ്പെടുന്നതിനു മുന്‍പും പിന്‍പും പൊലീസിന്റെയടക്കം വഴിവിട്ട സഹായങ്ങള്‍ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തില്‍ത്തന്നെ ശിക്ഷാ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ജയിലില്‍ ഫോണ്‍ അടക്കം സുഖജീവിതം നയിക്കുകയാണെന്ന പരാതിയുമുണ്ട്. അതിനൊപ്പമാണു ജയില്‍ മോചിതനാക്കാന്‍ പൊതുയോഗവും നടത്തുന്നത്.

മാത്രമല്ല ജയിലില്‍ കിടന്നും നിഷാം ബിസിനസ്സ് പാര്‍ട്ണറായ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് പരിഗണനയിലാണ്. തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് നിഷാം ജയിലിനുള്ളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ബഷീറിന്റെ പരാതി.

Top