ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി നേടിയ ഭീതിയുളവാക്കുന്ന വിജയം, ജനാധിപത്യ ഇന്ത്യയുടെ ബഹുസ്വരതയ്ക്കു നേരേ ഉയര്‍ത്തുന്ന ഭീഷണികള്‍ അനുദിനം ഏറിവരികയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്.
അനുമതിയില്ലാത്ത അറവുശാലകളെ അടച്ചു പൂട്ടാനെന്ന പേരില്‍ യോഗി സര്‍ക്കാര്‍ എടുത്തു കൊണ്ടിരിയ്ക്കുന്ന നടപടികള്‍ യു.പിയിലെ മാംസ വ്യാപാര മേഖലയെയാകെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും സ്വയം പ്രഖ്യാപിത ‘ഗോ രക്ഷക’രുമെല്ലാം ചേര്‍ന്ന് മത ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ഭക്ഷ്യ സ്വാതന്ത്ര്യം മാത്രമല്ല, അവരില്‍ വലിയൊരു വിഭാഗത്തിന്റെ ഉപജീവന മാര്‍ഗ്ഗം തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും റിയാസ് ചൂണ്ടികാട്ടി.
മതിയായ രേഖകളും അനുമതികളുമുള്ള അറവുശാലകള്‍ വരെ അടച്ചു പൂട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംസ്ഥാനത്ത്. 15000 കോടി രൂപയുടെ മാംസ കയറ്റുമതിയാണ് പ്രതിവര്‍ഷം യു.പി നടത്തിയിരുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഇന്ത്യയുടെ മൊത്തം മാംസ കയറ്റുമതിയുടെ പകുതിയോളം വരും.25 ലക്ഷം കുടുംബങ്ങളാണ് ഇതുവഴി ഉപജീവനം കഴിച്ചു പോന്നിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യ ഗവര്‍ണമെന്റിന് 11000 കോടി രൂപയുടെ പ്രതിവര്‍ഷ നഷ്ടം വരുത്തി വെയ്ക്കുന്ന നടപടി കൂടിയാണ് യു .പി യിലെ മാംസ നിരോധനം എന്ന് വിദഗ്ദ്ധര്‍ ചൂണ്ടി കാണിയ്ക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും ഉപജീവനവും അഹാരക്രമങ്ങളും തച്ചുടച്ചു കൊണ്ട് മുന്നോട്ട് പോകുന്ന യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഫാസിസത്തിന്റെ ഇരുട്ട് നമ്മളെ അതിവേഗം വിഴുങ്ങി കൊണ്ടിരിയ്ക്കുകയാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.