ന്യൂഡൽഹി: യു.പിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയതായ വാർത്ത തെറ്റാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.
കോർപ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ പ്രചരണമാണ് രാജ്യത്ത് അഴിച്ചുവിട്ടതെന്ന് റിയാസ് ഫെയ്സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഫേയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :-
ഉത്തർപ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പ് ബി.ജെ.പി തൂത്തുവാരിയെന്ന കോർപ്പറേറ്റ് മാധ്യമ പ്രചരണം എത്രമാത്രം കളവാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലപ്രഖ്യാപനം പരിശോധിച്ചാൽ വ്യക്തമാവും.
കൊട്ടിഘോഷിക്കപ്പെടുന്ന ‘ബി.ജെ.പി. വിജയം’ സംഭവിച്ചത് കേവലം 16 മുൻസിപ്പൽ കോർപ്പറേഷനുകൾ അടങ്ങുന്ന നഗരപ്രദേശങ്ങളിൽ മാത്രം. ഈ പ്രദേശങ്ങളിലെ 1300 സീറ്റുകളിൽ 46% ബി.ജെ.പി നേടിയത്, മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ദുരിത ഫലങ്ങൾ ഇതുവരേയ്ക്കും പൂർണ്ണമായി നേരിടേണ്ടി വന്നിട്ടില്ലാത്ത മധ്യ-സമ്പന്ന വർഗ്ഗത്തിന്റെ പിന്തുണ കൊണ്ടു മാത്രം. എന്നാൽ ഈ പ്രദേശങ്ങളിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ലഭിച്ചതിനെക്കാൾ ഗണ്യമായ കുറവാണ് ബി.ജെ.പി വോട്ടുകളിൽ നേരിട്ടത്
നഗരപ്രാന്ത പ്രദേശങ്ങളിലെ 198 മുൻസിപ്പൽ കൗൺസിലുകളിലായി തിരഞ്ഞെടുപ്പു നടന്ന 5261 സീറ്റുകളിൽ ബിജെപി ജയിക്കാനായത് വെറും 18 ശതമാനം.
64 ശതമാനം വിജയം നേടിയത് ബി.ജെ.പി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ.
ഗ്രാമ പഞ്ചായത്തുകളിൽ ബി.ജെ.പിയുടെ പരാജയം കൂടുതൽ ദയനീയമാണ്. 5446 സീറ്റുകളിൽ ജയിക്കാനായത് വെറും 12 ശതമാനം. മുഖ്യമന്ത്രി യോഗി നേരിട്ടു പ്രചരണം നടത്തിയിട്ടും പോലും നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിലും ഭരണപക്ഷ പാർട്ടി പരാജയം ഏറ്റുവാങ്ങി. മോദി സർക്കാർ പിന്തുടരുന്ന നയങ്ങൾ കർഷകരേയും ചെറുകിടക്കാരെയും എത്രത്തോളം ബി.ജെ.പിയിൽ നിന്നും അകറ്റി എന്നതിന്റെ തെളിവാണിത്.
കോർപറേറ്റ് മാധ്യമങ്ങളുടെ നുണപ്രചരണങ്ങൾ കൊണ്ടും, പണക്കൊഴുപ്പു കൊണ്ടും ഒരു ജനതയെ ആകെ എക്കാലത്തും കബളിപ്പിക്കാമെന്ന ബി.ജെ.പിയുടെ വ്യാമോഹം തകർന്നടിയുന്ന കാലം വിദൂരമല്ല എന്നാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.