തിരുവനന്തപുരം: പൊതുമരാത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് അഞ്ച് പേഴ്‌സണല്‍ സ്റ്റാഫുകളെ കൂടി നിയമിച്ചു. മുന്‍മന്ത്രി സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന അഞ്ച് പേരെയാണ് മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചത്.
സജി ചെറിയാന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ നിയമനമെന്നാണ് ആക്ഷേപം ഉയരുന്നുണ്ട്.
ഒരു വര്‍ഷത്തെ സര്‍വീസ് മാത്രമാണ് സജി ചെറിയാന്റെ സ്റ്റാഫിനുണ്ടായിരുന്നത്. രണ്ട് വര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. പുതിയ നിയമനത്തോടെ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നു. സജി ചെറിയാന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി വി സൈനന്‍, ക്ലര്‍ക്ക് ആയിരുന്ന കെ സവാദ്, സഞ്ജയന്‍ എം ആര്‍,ഓഫിസ് അറ്റന്റന്റുമാരായ വിഷ്ണു പി, വിപിന്‍ ഗോപിനാഥ് എന്നിവരെയാണ് റിയാസിന്റെ സ്റ്റാഫിലേക്ക് മാറ്റിയത്.
സജി ചെറിയാന്റെ സ്റ്റാഫിലെ അഞ്ച് പേരെ മന്ത്രി വി അബ്ദുറഹ്മാന്റെ വകുപ്പിലേക്കും മാറ്റിയിട്ടുണ്ട്. സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃവകുപ്പിലേക്ക് മടങ്ങും. ഈ മാസം 23നാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. നിയമനത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.