കൊച്ചി: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ ഏറ്റവും മനുഷ്യത്വരഹിതമായ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പോസ്റ്റ് . ജാലിയന്‍വാലാബാഗ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ രക്തം പടര്‍ന്ന ഓര്‍മ്മകളാണെന്നാണ് അദ്ദേഹം പറയുന്നത്.
പി.എമുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ധീരോദാത്തമായ സാമ്രാജ്യത്വ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളിലെ ചോര പുരണ്ട ഒരധ്യായമാണ് ജാലിയന്‍വാലാബാഗ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്തെ ഏറ്റവും മനുഷ്യത്വരഹിതമായ ആ കൂട്ടക്കൊലയുടെ നൂറാം വര്‍ഷമാണിന്ന്. അമൃത്സറിലെ ജാലിയന്‍ വാല ഉദ്യാനത്തില്‍ 1919, എപ്രില്‍ 13 ന് വെറും പത്തു മിനുട്ട് സമയം കൊണ്ട് കേണല്‍ റെഗിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്നത്, സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേരെയാണ്. മൂവായിരത്തോളം ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വാതന്ത്ര്യ സമര സേനാനികളായ സത്യപാലിനെയും സൈഫുദ്ധീന്‍ കിച്ച്‌ലുവിനെയും അറസ്റ്റ് ചെയ്ത് നാടു കടത്താനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തില്‍പ്പരം നിരായുധരായ ജനങ്ങള്‍ക്കു നേരേയാണ് കേണല്‍ ഡയര്‍ 303 റൈഫിളുകളും യന്ത്ര തോക്കുകളും ഉപയോഗിച്ച് വെടിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 1650 റൗണ്ടുകള്‍ വെടിവെച്ചു എന്നാണ് ബ്രിട്ടീഷ് അധികാരികളുടെ ഔദ്യോഗിക കണക്ക്. ഉയരമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട്, ഉപയോഗ യോഗ്യമായ ഒരേയൊരു പ്രവേശന കവാടം ബ്രിട്ടീഷ് പട്ടാളത്താല്‍ തടസ്സപ്പെട്ട ജാലിയന്‍വാലാബാഗില്‍ അന്നു വെടിയേറ്റു വീണവരില്‍ ഏഴു മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാല്‍പ്പത്തിരണ്ടോളം കുട്ടികളുമുണ്ടായിരുന്നു. ബൈശാഖി ഉത്സവം പ്രമാണിച്ച് സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചിറങ്ങിയ ശേഷം പ്രതിഷേധ യോഗത്തിനെത്തി ചേര്‍ന്ന നിരവധി സിക്ക് തീര്‍ത്ഥാടകരും വെടിയേറ്റു വീണു.
ജാലിയന്‍വാലാബാഗ് ആകസ്മികമായൊരു സംഭവമായിരുന്നില്ല. മറിച്ച് വൈദേശിക മര്‍ദ്ദക ഭരണകൂടത്തിനെതിരെ ആളി പടര്‍ന്ന ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ അധികാരികളുടെ പരാജയപ്പെട്ടു പോയ നിരവധി ക്രൂരതങ്ങളില്‍ ഒന്നു മാത്രമായിരുന്നു. പുതിയ കോളനികളും പ്രകൃതി വിഭവങ്ങളും പിടിച്ചടക്കാനുള്ള ബ്രിട്ടന്റെ മോഹം ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലേക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തേയും വലിച്ചിഴച്ചു. യുദ്ധ ചിലവുകള്‍ വഹിക്കുവാനായി ഇന്ത്യയടക്കമുള്ള കോളനികളില്‍ നിന്ന് കൂടുതല്‍ ആളും അര്‍ത്ഥവും പിഴിഞ്ഞെടുക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ കിണഞ്ഞു പരിശ്രമിച്ചു. നികുതി ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും വര്‍ദ്ധിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നു. യുദ്ധത്തിന്റെ ഭാഗമായി ഉണ്ടായ വ്യാപാര തകര്‍ച്ചയും, 1918 ലെ പകര്‍ച്ചവ്യാധിയും ഉത്തരേന്ത്യന്‍ സമതലങ്ങളെ കെടുതിയിലാഴ്ത്തി. ബ്രിട്ടീഷ് വിരുദ്ധ വികാരം ശക്തമായി.ബംഗാളിലും പഞ്ചാബിലും സായുധ സമരത്തിന്റെ കഹളങ്ങളുയര്‍ന്നു. 1857 മാതൃകയില്‍ ബ്രിട്ടീഷ് സേനയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ കലാപമുയര്‍ത്താനുള്ള ഗദ്ദര്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ 1915ല്‍ അടിച്ചമര്‍ത്തപ്പെട്ടു. വര്‍ദ്ധിച്ചു വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ നിയന്ത്രിക്കുവാന്‍ വേണ്ടി ആ വര്‍ഷം തന്നെ ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് (1915) കൊളോണിയല്‍ ഭരണകൂടം പാസാക്കുകയുണ്ടായി. പൗരസ്വാതന്ത്ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയ നിയമമായിരുന്നു ഇത്. എന്നാല്‍ ഇന്ത്യന്‍ ജനതയില്‍ ശക്തമായി കൊണ്ടിരുന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പുതിയ നിയന്ത്രണങ്ങള്‍ക്കും സാധിച്ചില്ല. 1918 ല്‍ സിഡ്‌നി റൗലത്തിന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട സെഡിഷന്‍ കമ്മിറ്റി, ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ബ്രിട്ടീഷ് വിരുദ്ധ സായുധ പോരാട്ടങ്ങള്‍ക്ക് വിദേശബന്ധങ്ങള്‍ ഉണ്ടെന്ന് വാദിച്ചു. ഇന്ത്യന്‍ യുവാക്കള്‍ യൂറോപ്പിലെ രാഷ്ട്രീയ പോരാട്ടങ്ങളിലും റഷ്യയിലെ സോവിയറ്റ് വിപ്ലവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നുവെന്ന ബോധ്യം ബ്രിട്ടീഷ് ഭരണാധികാരികളെ ആശങ്കയിലാഴ്ത്തി. തുടര്‍ന്ന് സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് 1915 ലെ ഇന്ത്യ ഡിഫന്‍സ് ആക്ടില്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. പൗരസ്വാതന്ത്രത്തിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും മേലെ കടുത്ത നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ നിയമമായ റൗലത്ത് ആക്ടിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളുയര്‍ന്നു. ഗാന്ധിജി ദേശവ്യാപകമായ സമരത്തിനാഹ്വാനം നല്‍കി. മുഹമ്മദലി ജിന്ന ബ്രിട്ടീഷ് പ്രതിനിധി സഭയിലെ അംഗത്വം രാജി വെച്ചു. പഞ്ചാബില്‍ പ്രതിഷേധങ്ങള്‍ കലാപമായി രൂപാന്തരപ്പെട്ടു. റെയില്‍, ടെലിഗ്രാഫ്, മറ്റു വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ എന്നിവ പ്രക്ഷോഭകാരികള്‍ തകര്‍ത്തു. രാജ്യമെമ്പാടും അറസ്റ്റുകളും പട്ടാള ഭീകരതയുമരങ്ങേറി. നിരവധി ദേശീയസമര നേതാക്കള്‍ ജയിലിലടക്കപ്പെട്ടു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്ന സത്യപാലിനെയും സൈഫുദ്ധീന്‍ കിച്ച് ലവിനെയും അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് ഭരണകൂടം അവരെ നാടുകടത്താനുള്ള പരിശ്രമത്തിലേര്‍പ്പെട്ടു. ഇതിനെതിരെ പഞ്ചാബിലും ലാഹോറിലും വലിയ ജനകീയ പ്രതിഷേധമുയര്‍ന്നു. 1919 എപ്രില്‍ 10ന്, അമൃത്സറിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്കു നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരേ ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തു. പതിനഞ്ചോളം സമര ഭടന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമൃത്സറിലെ ടൗണ്‍ ഹാളും റെയിവേ സ്റ്റേഷനും പ്രക്ഷോഭകാരികള്‍ തകര്‍ത്തു. നഗരത്തില്‍ പട്ടാള നിയമം പ്രഖ്യാപിക്കപെട്ടു. ഏപ്രില്‍ 12 ന് ദാബ് കാട്ടിക്കന്‍ ഹിന്ദു കോളേജില്‍ പ്രക്ഷോഭകാരികള്‍ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ വെച്ചാണ് എപ്രില്‍ 13 തീയതി ജാലിയന്‍വാലാ ഭാഗില്‍ വെച്ച് വലിയൊരു പ്രതിഷേധ സമ്മേളനം ചേരുവാനുള്ള നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. സത്യപാലിന്റെയും കിച്ച് ലുവിന്റെയും മോചനവും, റൗലത്ത് ആക്ടിന്റെ റദ്ദാക്കലും അവശ്യപ്പെടുന്നതുള്‍പ്പെടെ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നിരവധി കരടു പ്രമേയങ്ങള്‍ ഹിന്ദു കോളേജ് യോഗത്തില്‍ വെച്ച് തയ്യാറാക്കപ്പെട്ടു.
പ്രതിഷേധ സമ്മേളന ദിവസം രാവിലെ മുതല്‍ തന്നെ വലിയ തോതില്‍ ജനക്കൂട്ടം ആറേക്കര്‍ വിസൃതിയുള്ള ജാലിയന്‍വാലാ ഭാഗിലേക്ക് ഒഴുകിയെത്തി. സമ്മേളന സമയമടുത്തതോടെ തടിച്ചുകൂടിയവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. നഗരത്തില്‍ പ്രഖ്യാപിക്കപ്പെട്ട പട്ടാളനിയമത്തെ വകവെയ്ക്കാതെ ഇത്രയും വലിയ ജനകൂട്ടം ജാലിയന്‍വാലാ ഭാഗില്‍ എത്തിചേര്‍ന്നത് ബ്രിട്ടീഷ് അധികാരികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പഞ്ചാബ് പ്രവിശ്യ ഗവര്‍ണ്ണറായിരുന്ന മൈക്കല്‍ ഒ ഡ്വയര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കേണല്‍ റെഗിള്‍നാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള പട്ടാളത്ത അയച്ചു. തുടര്‍ന്നായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൂരമായ കൂട്ടക്കൊലയ്ക്ക് ജാലിയന്‍വാലാ ഭാഗ് സാക്ഷ്യം വഹിച്ചത്.
അമൃതസറില്‍ അന്നുതിര്‍ത്ത വെടിയുണ്ടകളും വീണ ശവ ശരീരങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനാഹ്വാനം നല്‍കി. രവീന്ദ്രനാഥ് ടാഗോര്‍ ബ്രിട്ടീഷ് ഗവര്‍മെന്റ്‌റ് നല്‍കിയ നൈറ്റ്ഹുഡ് പുരസ്‌ക്കാരം തിരിച്ചേല്‍പ്പിച്ചു. ലോകമെമ്പാടും ബ്രിട്ടീഷ് കൊളോണിയല്‍ ഭീകരതയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ബ്രിട്ടനിലും പ്രതിഷേധ സ്വരങ്ങളുയര്‍ന്നു. അന്നത്തെ ബ്രിട്ടീഷ് യുദ്ധ കാര്യ സെക്രട്ടറിയും പില്‍ക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വി സ്റ്റണ്‍ ചര്‍ച്ചില്‍ ജാലിയന്‍വാലാ ഭാഗ് സംഭവത്തെ വിശേഷിപ്പിച്ചത് ‘പൈശാചികം’ എന്നാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ കേണല്‍ ഡയറിന് നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവ് കൊടുത്തു. കൂട്ടക്കൊ ലാ സമയത്ത് പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡ്വയറിനെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1940 ല്‍ ലണ്ടനില്‍ വെച്ച് ഉദം സിംഗ് വെടിവെച്ചു കൊന്നു. ജാലിയന്‍വാലാ ഭാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യം വഹിക്കുകയും അതില്‍ പരിക്കേല്‍ക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഉദം സിംഗ്. ആ ധീര ദേശാഭിമാനിയെ ബ്രിട്ടന്‍ തൂക്കിലേറ്റി. സാമ്രാജ്യത്യ വിരുദ്ധ സമര ചരിത്രത്തിലെ ഉജ്വലമായ രക്തസാക്ഷിത്വ മുഹൂര്‍ത്തങ്ങളിലൊന്നായ ജാലിയന്‍വാലാ ഭാഗിന്റെ സ്മരണകള്‍ നൂറാം വര്‍ഷത്തിലേക്കു കടക്കുകയാണ്. വ്യാപാര കരാറുകളിലൂടെയും സൈനിക ബല പ്രയോഗത്തിലൂടെയും നവ കോളനിവത്ക്കരണം നടപ്പിലാക്കി കൊണ്ടിരിയ്ക്കുന്ന പുത്തന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയിലാത്ത പോരാട്ടങ്ങള്‍ തുടരുവാനുള്ള ഊര്‍ജ്ജവും മാര്‍ഗ്ഗദര്‍ശ്ശിയുമായി, വെടിയുണ്ടകള്‍ക്ക് കൊന്നുകളയാന്‍ സാധിക്കാതെ ജാലിയന്‍വാലാ ഭാഗ് രക്തസാക്ഷികള്‍ ജന മനസ്സുകളില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.