ന്യൂഡല്‍ഹി: ടു.ജി കേസിലെ വിധി രാജ്യത്തെ ഞെട്ടിക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.മുഹമ്മദ് റിയാസ്.
അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ 19 പേരെ രക്ഷിക്കുന്നതിനായി സി.ബി.ഐയും പ്രോസിക്യൂഷനും മന: പൂര്‍വ്വം കേസ് തോറ്റ് കൊടുത്തതായാണ് സംശയിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ . . .
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ ടു.ജി കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി ഞെട്ടിപ്പിക്കുന്നതാണ്.
കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ 19 പേര്‍ക്കേതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല എന്നത് അവിശ്വസനീയമാണ്.
റിലയന്‍സും റ്റാറ്റയും എസ്സാര്‍ ഗ്രൂപ്പുമടങ്ങുന്ന വന്‍കിട കോര്‍പ്പറേറ്റു കമ്പനികളുടെ പ്രതികളായ ഉന്നതരായ ഉദ്യോഗസ്ഥരെയും അവര്‍ക്കു പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത രാജയുള്‍പ്പെടെയുളള രാഷ്ട്രീയക്കാരെയും രക്ഷിക്കാന്‍ വേണ്ടി സി.ബി.ഐയും പ്രോസിക്യൂഷനും മനപൂര്‍വ്വം കേസ് തോറ്റു കൊടുത്തതാവാം എന്ന സംശയം ന്യായമായും ജനങ്ങളില്‍ ഉണ്ട്.
രാജ്യം ഭരിക്കുന്ന ഗവര്‍മെന്റ് അറിയാതെ ഇത്തരത്തിലൊരു സന്ധി ചെയ്യലിന് സി.ബി.ഐ തയ്യാറാവുകയില്ല എന്ന് ഉറപ്പ്. ബി.ജെ പി ക്ക് റിലയന്‍സുള്‍പ്പെടെയുള്ള കുത്തകകളോടുള്ള കടപാട് ഈ കേസിലെ അന്വേഷണത്തെയും പ്രോസിക്യൂഷന്റെ നിലപാടുകളെയും സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തമിഴ്‌നാട്ടില്‍ പിടിയുറപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുമായും ഇതിനെ കൂട്ടി വായിക്കേണ്ടതുണ്ട്. നിലവില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം കൈക്കൊള്ളുന്ന ഡി.എം.കെയെ ലോക് സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തങ്ങളുടെ പാളയത്തിലേക്കടുപ്പിക്കാനുള്ള ശ്രമമാണോ എന്ന് വരും ദിവസങ്ങള്‍ തെളിയിക്കും.