കിരൺ കുമാർ റെഡ്ഡിയുടെ രാജി; ഫേയ്ബുക്ക് പോസ്റ്റുമായി മുഹമ്മദ് റിയാസ്

അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ നിന്ന് രാജി വെച്ചതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ സിപിഐഎമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ആക്രമിക്കാൻ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാർത്ഥത ഈ മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രി ബിജെപിയിൽ പോകാതെനോക്കാൻ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള തന്റെ രാജിസ്വീകരിക്കണം എന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ അദ്ദേഹം എഴുതി. ഇത്തവണ കോൺഗ്രസ് വിട്ട് കിരൺ കുമാർ റെഡ്ഡി ബി ജെ പിയിലേക്ക് പോയേക്കും എന്ന് അഭ്യൂഹമുണ്ട്. കോൺഗ്രസ് നേതാവും ലോക്സഭാ എം പിയുമായ മാണിക്കം ടാഗോർ ഇത് സംബന്ധിച്ച സൂചന നൽകുന്നുണ്ട്. പാർട്ടിയിൽ നിന്ന് എല്ലാം നേടി ആന്ധ്രാപ്രദേശിൽ കോൺഗ്രസിനെ അവസാനിപ്പിച്ചവരാണ് ഇപ്പോൾ ബി ജെ പിയിലേക്ക് പോകുന്നത് എന്ന് മാണിക്കം ടാഗോർ ആരോപിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് പ്രത്യേക തെലങ്കാന രൂപീകരിക്കാനുള്ള യു പി എ സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് കിരൺ കുമാർ റെഡ്ഡി 2014 ൽ കോൺഗ്രസിൽ നിന്ന് രാജി വെച്ചിരുന്നു. പിന്നീട് സ്വന്തം രാഷ്ട്രീയ സംഘടനയായ ജയ് സമൈക്യന്ദ്ര പാർട്ടി രൂപീകരിച്ചിരുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘ആർഎസ്എസ്’ മനസ്സില്ലാത്ത
മതനിരപേക്ഷകോൺഗ്രസുകാർ വായിക്കാൻ, സ്നേഹത്തോടെ..
-പി.എ മുഹമ്മദ് റിയാസ്-

അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന കിരൺ കുമാർ റെഡ്ഢി കഴിഞ്ഞ ദിവസം കോൺഗ്രസ്സിൽ നിന്നും രാജിവെച്ചിരിക്കുകയാണ്. അണ്ടർ-22 സംസ്‌ഥാന ക്രിക്കറ്റ് ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ കൂടിയായ കിരൺ റെഡ്ഢി ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് മാധ്യമ വാർത്തകൾ.

കേരളത്തിലെ സിപിഐഎമ്മിനെയും ഇടതുപക്ഷ സർക്കാരിനെയും ആക്രമിക്കാൻ ആവോളം സമയം കണ്ടെത്തുന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനും അതിന്റെ നൂറിലൊരംശമെങ്കിലും ആത്മാർത്ഥത
ഈ മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രി ബിജെപിയിൽ പോകാതെനോക്കാൻ കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എസ്എം കൃഷ്ണ (കർണാടക)
ദിഗംബർ കാമത്ത് (ഗോവ)
വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്)
എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്), പ്രേമഖണ്ഡു (അരുണാചൽ പ്രദേശ് ),
ബിരേൻ സിംഗ് ( മണിപ്പൂർ),
ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്)
എന്നീ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ രായ്ക്കുരാമാനം ബിജെപിയിലേക്ക് പോയകാര്യം മറന്നിട്ടുപറയുന്നതല്ല ഇക്കാര്യം.
ബിജെപി വിരുദ്ധ ചേരി ദുർബലമാവരുത് എന്നതിനാൽ പറയേണ്ടിവരുന്നതാണ്.

ഗുജറാത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തിൽ വന്നപ്പോൾ ദുഃഖിച്ചവരാണ് ഞങ്ങൾ.
എന്നാൽ 2018 ൽ ത്രിപുരയിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട്‌ ബിജെപിയാണ് അധികാരത്തിൽ വന്നതെന്നറിഞ്ഞിട്ടും ഞങ്ങളുടെ തോൽ‌വിയിൽ സന്തോഷം കൊണ്ട് തുള്ളി ചാടിയിടത്ത് എത്തി കേരളത്തിലെ പല കോൺഗ്രെസ്സുകാരുടെയും രാഷ്ട്രീയ നിലപാട് .
മഞ്ചേശ്വരത്തും പാലക്കാട്ടും ബിജെപി പരാജയപ്പെട്ടപ്പോൾ ആശ്വാസം കൊണ്ടവരാണ് ഇടതുപക്ഷം. എന്നാൽ നേമത്ത് ഞങ്ങൾ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചപ്പോൾ തുള്ളിച്ചാടാൻ നിങ്ങളിൽ സന്തോഷം കണ്ടില്ല.

ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം.

കിരൺ കുമാർ റെഡ്ഢിയുടെ ബിജെപി പ്രവേശനം തടയാനും,പറ്റുമെങ്കിൽ മതനിരപേക്ഷ ചേരിയിൽ ഉറച്ചുനിർത്താനുമുള്ള എന്തെങ്കിലും ഇടപെടൽ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Top