പാക്ക് രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്ന ബി.ജെ.പി മന്ത്രിക്ക് ‘മഹാപുരുഷന്‍’

ലക്‌നൗ: ത്രിപുര മുഖ്യമന്ത്രിക്ക് പുറമെ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ച് വീണ്ടും മറ്റൊരു ബി.ജെ.പി മന്ത്രി. കേന്ദ്ര സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കി പരസ്യപ്രസ്താവന നടത്തി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി.
പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയെ മഹാപുരുഷനെന്ന് അഭിസംബോധന ചെയ്താണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ സ്ഥാപിക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ജിന്ന. അദ്ദേഹത്തിന് നേരെ വിരല്‍ ചൂണ്ടുന്നത് നമുക്ക് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി മന്ത്രിമാരും എം.എല്‍.എമാരും മാദ്ധ്യമങ്ങള്‍ക്ക് മസാല വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്നാണ് ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന. അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തെ രംഗത്തെത്തിയിരുന്നു. ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ വൈസ് ചാന്‍സലര്‍ താരീക് മന്‍സൂറിനോട് വിശദീകരണം ആവശ്യപ്പെട്ട് സതീഷ് കത്തയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞ പ്രസാദ് മൗര്യ എം.പിക്കെതിരെ പരസ്യമായി രംഗത്തെത്തി. എം.പി സതീഷ് ഗൗതം ജിന്നയെ അപമാനിച്ച തരത്തിലായിരുന്നു മന്ത്രിയുടെ രോഷപ്രകടനം.

അതേസമയം, മൗര്യയുടെ പ്രസ്താവനകളില്‍ ബി.ജെ.പി പ്രതിക്കൂട്ടിലാകുന്നത് പതിവാണ്. യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനേക്കാള്‍ മികച്ചത് മായാവതിയുടെ ഭരണമായിരുന്നെന്ന് മൗര്യ പറഞ്ഞിരുന്നു. ബി.എസ്പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ല്‍ മായാവതിയുമായി തെറ്റി പിരിഞ്ഞാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

Top