സമസ്തയ്ക്ക് പിന്നാലെ മുജാഹിദീനും, യു.ഡി.എഫിനെ അമ്പരപ്പിച്ച് ‘മിന്നൽ’ പിണറായി

കേരളത്തിലെ ഏറ്റവും തന്ത്രശാലിയായി മുഖ്യമന്ത്രിയായാണ് പിണറായി വിജയൻ ഇപ്പോൾ മാറിയിരിക്കുന്നത്. ചരിത്രം തിരുത്തി തുടർ ഭരണം ലഭ്യമാക്കിയതു മാത്രമല്ല കടുത്ത കമ്യൂണിസ്റ്റു വിരുദ്ധരെ പോലും ഇടതുപക്ഷത്തിന് അനുകൂലമാക്കി മാറ്റാൻ കഴിഞ്ഞതും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ നേട്ടമാണ്. ഒരു ജാതി – മത ശക്തികൾക്കും കീഴ്പ്പെടാതെ തന്നെ ആ വിഭാഗത്തിലെ ജനങ്ങളുടെ പിന്തുണ ആർജിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയനെ വ്യത്യസ്തനാക്കുന്നത്. മുഖ്യമന്ത്രിയുടെ നീക്കങ്ങൾക്ക് സി.പി.എമ്മിന്റെ ഉറച്ച പിന്തുണ കൂടി ലഭിച്ചതോടെ പ്രതിപക്ഷ വോട്ട് ബാങ്കുകളിലാണ് വിള്ളൽ വീണിരിക്കുന്ന്. ഇത് ചെറിയ വിള്ളലൊന്നുമല്ല എന്നത് പ്രതിപക്ഷ നേതാക്കളുടെ ആശങ്കയിൽ നിന്നു തന്നെ വ്യക്തമാണ്.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ കരുത്തായ ഭൂരിപക്ഷ ജനവിഭാഗത്തെ ഒപ്പം നിർത്തി കൊണ്ടു തന്നെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂടുതലായി ഇടതുപക്ഷത്തോട് അടുപ്പിക്കുക എന്ന തന്ത്രമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ഇപ്പോൾ പയറ്റുന്നത്. ജോസ്.കെ മാണി വിഭാഗം കേരള കോൺഗ്രസ്സിനെ മുന്നണിയിൽ എത്തിച്ചതു തന്നെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ഇടതുപക്ഷത്തിന് തുടർ ഭരണം ലഭിക്കാൻ കേരള കോൺഗ്രസ്സിന്റെ ഈ മുന്നണി പ്രവേശനവും പ്രധാന പങ്കാണ് വഹിച്ചിരിക്കുന്നത്.

മുസ്ലീം ജനവിഭാഗത്തിൽ എക്കാലത്തും ഇടതുപക്ഷത്തിനോട് അടുപ്പം പുലർത്തിയിരുന്നത് എ.പി വിഭാഗം സുന്നികളാണ്. ഇപ്പോൾ ഇ.കെ വിഭാഗം സുന്നികൾക്കും പ്രിയം ഇടതുപക്ഷത്തിനോടാണ്. മുസ്ലിംലീഗ് വോട്ട് ബാങ്കായ സമസ്ത നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള ഇടതു അനുകൂല നിലപാട് യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും വല്ലാത്തൊരു അവസ്ഥയിലേക്കാണ് കൊണ്ടു പോകുന്നത്. വേണ്ടി വന്നാൽ ഇടതുപക്ഷ മുന്നണിയിലേക്ക് പോകണമെന്ന നിലപാട് ലീഗിൽ ശക്തിപ്പെട്ടതിനു പിന്നിൽ പോലും സമസ്തയുടെ ഈ നിലപാട് മാറ്റത്തിന്റെ സ്വാധീവുമുണ്ട്. ഇതിനു പുറമെയാണ് ഇപ്പോൾ മറ്റൊരു പ്രബല മുസ്ലിം സംഘടനയായ മുജാഹിദ് വിഭാഗത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകാര്യനായിരിക്കുന്നത്.

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. യു.ഡി.എഫിനെ സംബന്ധിച്ച് ഇതും ഒരു വെല്ലുവിളിയാണ്. മുജാഹിദ് വിഭാഗത്തിലും ഇടതുപക്ഷം സ്വാധീനം ഉറപ്പിക്കുമോ എന്നതാണ് ലീഗിനെയും കോൺഗ്രസ്സിനെയും അലട്ടുന്നത്. മുജാഹിദ് സമ്മേളനത്തില്‍നിന്ന് പാണക്കാട് തങ്ങള്‍മാര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമാണ്.

യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവറലി ഷിഹാബ് തങ്ങളും റഷീദലി ഷിഹാബ് തങ്ങളും സെമിനാറിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇവരുടെ പേരുവച്ച് നോട്ടിസും സംഘാടകർ ഇറക്കിയിരുന്നു. എന്നാൽ അവസാന നിമിഷം തങ്ങൾ കുടുംബത്തിൽ നിന്നും ആരും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ് ഉണ്ടായത്.

ലീഗ് നേതൃത്വത്തിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് ജന്‍ഡര്‍ ന്യൂട്രാലിറ്റി ഏക സിവില്‍ കോഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീംലീഗ് വിളിച്ച മുസ്‌ലീം മതസംഘടനകളുടെ യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുവാനും മുജാഹിദ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ ഇടതു കേന്ദ്രങ്ങളും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ ലഭിച്ച അവസരം ഇതിനകം തന്നെ ശരിക്കും ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

“ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ യോജിച്ച ശബ്ദം ഉയർത്തേണ്ടിടത്ത്‌ സർഗാത്മകതയുടെ പേര്‌ പറഞ്ഞ്‌ മൂകസാക്ഷികളാവുന്നത്‌ ശരിയല്ലെന്നാണ്” മുജാഹിദ് സമ്മേളന വേദിയിൽ മുഖ്യമന്ത്രി തുറന്നടിച്ചിരിക്കുന്നത്. എതിർക്കേണ്ടതിനെ തുറന്ന്‌ എതിർക്കാൻ കഴിയണമെന്നും ഇത്തരം ഘട്ടങ്ങളിൽ നിശബ്‌ദത നന്നാവില്ലെന്നും പിണറായി വ്യക്തമാക്കിയിട്ടുണ്ട്.

മതവിശ്വാസം ഏതെങ്കിലും രീതിയിൽ വർഗീയതയുമായി താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ലന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ വർഗീയമായി ജനതയെ ഭിന്നിപ്പിക്കാൻ മതത്തെ ഉപയോഗിക്കുയാണ്‌ ബിജെപി ചെയ്യുന്നതെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. ചിലയിടത്ത്‌ ചില ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാർ പ്രീണിപ്പിക്കുമ്പോൾ മറുഭാഗത്ത്‌ പ്രബലമായ രണ്ട്‌ ന്യൂനപക്ഷവിഭാഗങ്ങൾ ഹീനമായി അക്രമിക്കപ്പെടുകയാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുജാഹിദ് സമ്മേളനത്തിൽ ബംഗാളിനെ പരാമർശിച്ച് സി.പി.എമ്മിനെതിരെ ഉയർന്ന ചില വാദഗതികൾക്ക് ചുട്ട മറുപടി നൽകാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്. ന്യൂനപക്ഷ സമ്മേളനത്തിൽ വന്നിരുന്ന് സിപിഐഎമ്മിനെതിരെയാണോ സംസാരിക്കേണ്ടത്‌ എന്ന പിണറായിയുടെ ചോദ്യം സംഘാടകർക്ക് പോലും അപ്രതീക്ഷിതമായിരുന്നു. “ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന്‌ ഒരുമിച്ച്‌ നിൽക്കുകയാണ്‌ വേണ്ടതെന്നും വർഗീയതയോട്‌ നാം സ്വീകരിക്കേണ്ട നിലപാടാണ്‌ ഇവിടെ ചർച്ച ചെയ്യേണ്ടത്‌ എന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. “സംഘപരിവാരത്തെ ഒറ്റയ്ക്ക് നേരിടാമെന്നത് വ്യാമോഹം മാത്രമാണെന്നും അത്‌ സ്വയം കുഴിയിൽ ചെന്ന്‌ വീഴുന്നതിന്‌ തുുല്യമാവുമെന്ന” മുന്നറിയിപ്പ് നൽകാനും അദ്ദേഹം തന്റെ സമാപന പ്രസംഗത്തിൽ തയ്യാറായിട്ടുണ്ട്.

“മഴുവോങ്ങി നിൽക്കുന്നവന്‌ കഴുത്തുകാട്ടരുത്‌” എന്നു തന്നെയാണ് പിണറായി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ പ്രസംഗം മുജാഹിദ് വിഭാഗത്തിലെ യു.ഡി.എഫ് അനുകൂലികൾക്ക് ദഹിച്ചിട്ടില്ലങ്കിലും നല്ലൊരു വിഭാഗത്തിന്റെയും ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉൾപ്പെടെ ഇടതുപക്ഷവും. മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്ന വിഭാഗമാണിത്. എ.പി സുന്നിക്കും സമസ്തയ്ക്കു പിന്നാലെ മുജാഹിദ് വിഭാഗത്തിലെ പ്രബല വിഭാഗം കൂടി ഇടതുപക്ഷത്തോട് അടുക്കുന്നത് രാഷ്ട്രീയമായി യു.ഡി.എഫിനാണ് വലിയ തിരിച്ചടിയായി മാറാൻ പോകുന്നത്. ഇങ്ങനെ പോയാൽ കേരള ഭരണം എന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ഒരു സ്വപ്നമായി അവശേഷിക്കാൻ തന്നെയാണ് സാധ്യത.

EXPRESS KERALA VIEW

Top