മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുമായി റിലയന്‍സ് രംഗത്ത്. സൗജന്യ കോളുകളും അണ്‍ലിമിറ്റഡ് ഡേറ്റയുമായാണ് റിലയന്‍സ് എത്തിയിരിക്കുന്നത്.
ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണിന് കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്.
ഇന്ത്യയിലെ 22 ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ ഫോണില്‍, #5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും.
ഫോണിന്റെ പ്രത്യേകതകള്‍ അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
വോയിസ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം സദസ്യര്‍ക്കായി അവതരിപ്പിച്ചു.
ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നതാണ് റിലയന്‍സിന്റെ പ്രധാന പ്രഖ്യാപനം.
ഫോണ്‍ സൗജന്യമായി നല്‍കുമെന്നാണു ജിയോയുടെ മറ്റൊരു പ്രഖ്യാപനം. എന്നാലും, 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം പൂര്‍ണമായും ഉപയോക്താവിനു തിരിച്ചുനല്‍കും.
ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. 2017 അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും.
ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് പദ്ധതി. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്.
പ്രഖ്യാപനങ്ങളില്‍നിന്ന്
•മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ജിയോഫോണ്‍ നല്‍കിത്തുടങ്ങും. ഓഗസ്റ്റ് 24 മുതല്‍ പ്രീ ബുക്കിങ് നടത്താം. ഓഗസ്റ്റ് 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഫോണ്‍ നല്‍കും.
•ജിയോ ഫോണിനൊപ്പം ‘ജിയോഫോണ്‍ ടിവി കേബിള്‍’ കൂടി ഉപഭോക്താക്കള്‍ക്കു നല്‍കും. ഏതു ടിവിയുമായും ഈ കേബിള്‍ വഴി ജിയോ ഫോണ്‍ ബന്ധിപ്പിക്കാം.
•മാസം 153 രൂപ നല്‍കാനില്ലാത്തവര്‍ക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകള്‍ ആണുള്ളത്.
•ജിയോ ഫോണ്‍ വരുന്നതിലൂടെ 2ജി ഫോണുകള്‍ കാലഹരണപ്പെടും. ജിയോയിലൂടെ പുതിയ ലോക റെക്കോര്‍ഡാണ് ഉണ്ടാകുന്നത്.
•40 വര്‍ഷത്തിനിടെ റിലയന്‍സിന്റെ ലാഭം 4,700 മടങ്ങ് വര്‍ധിച്ചു.
•ഇക്കാലത്തിനിടെ മൂന്നു കോടിയില്‍നിന്നു 30,000 കോടി രൂപയിലേക്കു ആകെ ലാഭം ഉയര്‍ന്നു.
•1977ല്‍ 32 കോടി രൂപയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സമ്പാദ്യം. ഇപ്പോള്‍ ഏഴു ലക്ഷം കോടി രൂപയിലെത്തി. വര്‍ധന 20,000 മടങ്ങ്.
•1977ല്‍ കമ്പനിയിലെ ജീവനക്കാര്‍ 3500. ഇപ്പോള്‍ ലോകമാകെ രണ്ടര ലക്ഷം ജീവനക്കാര്‍.
•ലോകത്ത് ഏറ്റവും അധികം ഡേറ്റ ഉപഭോഗമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ജിയോയ്ക്കു കഴിഞ്ഞു. ജിയോ പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിമാസ ഡേറ്റാ ഉപയോഗം 20 കോടി ജിബിയില്‍നിന്ന് 120 കോടി ജിബിയായി ഉയര്‍ന്നു.
•സെപ്റ്റംബറോടെ രാജ്യത്താകമാനം 10,000 ജിയോ ഓഫിസുകള്‍ ഉണ്ടാകും. പ്രധാനപ്പെട്ട ഇ കൊമേഴ്‌സ് പ്ലാറ്റഫോമുകളുമായി ജിയോയെ ബന്ധിപ്പിക്കും.
•ജിയോ പ്രൈം അംഗങ്ങള്‍ക്ക് താരിഫ് സൗകര്യങ്ങളും മറ്റും തുടരും.
•ഇന്ന് ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്