റിയാദ്: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകിടം മറിയുകയാണെന്ന ആശങ്കയിലാണ് രാജ്യത്തുള്ളവര്‍. ആ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെ രാജ്യം സാമ്പത്തിക മാന്ദ്യം നേരിട്ട് കൊണ്ടിരിക്കുകയാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി. റിയാദില്‍ സൗദി അറേബ്യയുടെ വാര്‍ഷിക നിക്ഷേപ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പ്രധാന കാരണം ജി.എസ്.ടിയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പരിഷ്‌ക്കരണങ്ങള്‍ തന്നെയാണ് മാന്ദ്യത്തിനു കാരണമെന്നാണ് മുകേഷ് അംബാനിയും ഇപ്പോള്‍ സൂചിപ്പിക്കുന്നത്.ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുന്നതായി കാണിച്ചത്.
അതേസമയം നരേന്ദ്ര മോദി സര്‍ക്കാര്‍ ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്ന പരിഷ്‌കരണ നടപടികള്‍ ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ കഴിയുന്നതാണെന്ന് മുകേഷ് ഓര്‍മ്മിപ്പിച്ചു. ഈ പരിഷ്‌കരണങ്ങള്‍ വേണ്ടവിധം ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഗുണം വരും കാലങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക സംഗമത്തിന്റെ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ് മുകേഷ് അംബാനി പങ്കെടുത്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ 1,500 കോടി ഡോളറിന്റെ ഓഹരിനിക്ഷേപം നടത്താന്‍ സൗദി എണ്ണക്കമ്പനിയായ ആരാംകോ തയ്യാറെടുക്കുന്നുണ്ട്.