ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍ ഇനി മുതൽ റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി.
ധനകാര്യ സ്ഥാപനം ബ്ലൂബര്‍ഗിന്റെ ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ചാണ് അംബാനി ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമനായത്. അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ്.
ഹോംങ്കോങ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ലി കാഷിങിനെയാണ് അംബാനി മറികടന്നത്.
റിലയന്‍സ് ജിയോ, 4ജി ടെലികോം എന്നിവയുടെ വളര്‍ച്ചയാണ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്.
ഈ വര്‍ഷം മാത്രം സ്വന്തം സമ്പാദ്യത്തിലേക്ക് 12.5 ബില്യണ്‍ ഡോളര്‍ ആണ് അംബാനി കൂട്ടിച്ചേര്‍ത്തത്.
മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത ഉയർന്ന് വന്നു.
2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തിന്റെയും കടത്തിന്റെയും അനുപാതം നാല് മടങ്ങാണ് വര്‍ധിച്ചത്.
2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസില്‍നിന്ന് കാര്യമായ നേട്ടമൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ല.
എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാകുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന ജിയോയിലാണ് കമ്പനിയുടെ പ്രതീക്ഷ.
ജിയോ തരംഗത്തില്‍ ഈവര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 49 ശതമാനമാണ് നേട്ടമുണ്ടായത്.