ശമ്പളത്തില്‍ വര്‍ധനവില്ല; രാജ്യത്തെ സമ്പന്നന്‍ 12 വര്‍ഷമായി വാങ്ങുന്നത് ഒരേ തുക

ന്യൂഡല്‍ഹി: 12 വര്‍ഷമായി മുകേഷ് അംബാനി തന്റെ ശമ്പളം ഒരു രൂപ പോലും കൂട്ടി വാങ്ങിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ അദ്ദേഹം 12 വര്‍ഷമായി വാര്‍ഷിക ശമ്പളമായി വാങ്ങുന്നത് 15 കോടി രൂപയാണ്.

അടിസ്ഥാന ശമ്പളവും അലവന്‍സുകളും കമ്മീഷനും ഉള്‍പ്പടെയാണ് ഈ തുക. 2008-09 വര്‍ഷത്തില്‍ നിശ്ചയിച്ചതാണിത്. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മികച്ച ശമ്പള വര്‍ധനവും നല്‍കി. നിഖിലും ഹിതലും അംബാനിയേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്നവരാണ്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ മുകേഷ് അംബാനി വാങ്ങിയ ശമ്പളമിങ്ങനെ: 4.45 കോടി രൂപ (മുന്‍വര്‍ഷത്തേക്കാള്‍ അല്‍പം കുറവാണിത്. 4.49 കോടി രൂപയാണ് അന്ന് വാങ്ങിയത്). കമ്മീഷന്‍ ഇനത്തില്‍ 9.53 കോടിയും മറ്റിനത്തില്‍ 31 ലക്ഷവും റിട്ടയര്‍മെന്റ് ബെനഫിറ്റായി 71 ലക്ഷവുമാണ് അദ്ദേഹം കൈപ്പറ്റിവരുന്നത്.

അംബാനിയുടെ ബന്ധുക്കളായ നിഖില്‍ ആര്‍ മേസ്വാനിയുടെയും ഹിതാല്‍ ആര്‍ മേസ്വാനിയുടെയും ശമ്പളം 2018- 19 വര്‍ഷത്തില്‍ 20.57 കോടിയായി വര്‍ധിച്ചു. 2017- 18 വര്‍ഷത്തില്‍ ഇവര്‍ 19.99 കോടിയും 2016- 17 വര്‍ഷത്തില്‍ 16.58 കോടിയും 2015-16 വര്‍ഷത്തില്‍ 14.42 കോടിയുമാണ് ശമ്പളമായി നിഖിലിന് ലഭിച്ചത്.

റിഫൈനറി ചീഫായ പവന്‍ കുമാര്‍ കപിലിന്റെ ശമ്പളം മുന്‍വര്‍ഷത്തെ 3.47 കോടിയില്‍നിന്ന് 4.17 കോടിയായും വര്‍ധിച്ചു. നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരിലൊരാളും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിക്ക് കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചത് 1.65 കോടി രൂപയാണ്. സിറ്റിങ് ഫീ ഇനത്തില്‍ ഏഴു ലക്ഷവും ലഭിച്ചു.

Top