കൊല്ലം: തന്നെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി വെറും തമാശ മാത്രമാണെന്ന് നടനും എംഎല്‍എയുമായ എം മുകേഷ്. കൊല്ലത്തു നിന്നു പോയത് രാഹുല്‍ ക്ലബില്‍ അംഗത്വമെടുക്കാനാണെന്നും നാല് മാസമെങ്കിലും വീട്ടില്‍ പറയാതെ വിദേശത്തു പോയാലേ അംഗത്വം തരു എന്നു പറഞ്ഞ് മടക്കി അയച്ചുവെന്നും മുകേഷ് പറഞ്ഞു.
പരാതിയെ തമാശയായി മാത്രമേ കാണു അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തില്‍ രാജി വെക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല.സ്ഥാനാര്‍ത്ഥിയാകാന്‍ യുഡിഎഫുകാര്‍ കുട്ടിയടി നടത്തുന്നത് ഒഴിവാക്കാനാണ് താന്‍ രാജി വെക്കാത്തതെന്നും മുകേഷ് പറഞ്ഞു.
മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസിന്റെ ശ്രമമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മുകേഷ് വ്യക്തമാക്കി.നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയാല്‍ പൊലീസ് സ്വീകരിക്കുമോ എന്നും മുകേഷ് ചേദിച്ചു.
തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം പൊതുപരിപാടികളില്‍ എംഎല്‍എയായ മുകേഷിനെ കാണാനില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി പൊലീസില്‍ പരാതി നല്‍കിയത്.
മുകേഷിനെ കാണ്‍മാനില്ലെന്ന പരാതി സ്വീകരിച്ച പൊലീസിന്റെ നടപടിയും വിവാദമായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതി സ്വീകരിച്ച് രസീത് നല്‍കിയത്.
രസീത് നല്‍കിയ വെസ്റ്റ് എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും മുകേഷും രംഗത്ത് എത്തിയിട്ടുണ്ട്. സിപിഐഎം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയാണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മുകേഷിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം ആരോപിച്ചിരുന്നു.
പൊതു ജനങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് വിഷ്ണു വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങള്‍ കൊല്ലത്തിന്റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
കൊല്ലം കളക്ട്രേറ്റില്‍ ബോംബ് സ്‌ഫോടനം ഉണ്ടായപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും സ്ഥലം എംഎല്‍എയെ കണ്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടിയിലും എംഎല്‍എയെ കണ്ടില്ല. ഇതൊക്കെയാണ് എംഎല്‍എയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.