ന്യൂഡല്‍ഹി: മീററ്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് ആക്രോശിച്ച എസ്പിക്കെതിരെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. മീററ്റ് എസ്പിയുടെ പെരുമാറ്റം തികച്ചും ഖേദകരമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മീററ്റില്‍ തലപ്പാവ് ധരിച്ച് പ്രതിഷേധം നടത്തിയവരോട് പറ്റില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ എന്നായിരു പറഞ്ഞത്. അതേസമയം ആദ്യമായാണ് എസ്പിക്കെതിരെ ഒരു ബിജെപി നേതാവ് പ്രതികരണവുമായി രംഗത്ത് എത്തിയത് എന്നതും ശ്രദ്ദേയമാണ്. മാത്രമല്ല എസ്പിയെ പിന്തുണച്ച് മീററ്റ് എഡിജിപിവരെ രംഗത്തെത്തിയിരുന്നു.
മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗാണ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവരുകയും സംഭവം വിവാദമാവുകയും ചെയ്തു. കയ്യില്‍ പൊലീസിന്റെ ലാത്തിയുമായാണ് എസ്പി പൗരന്‍മാരെ ഭീഷണിപ്പെടുത്തുന്നത്. വന്‍ പൊലീസ് സംഘത്തിനൊപ്പമെത്തിയായിരുന്നു എസ്പിയുടെ ഭീഷണി.
”നിങ്ങളോട് പറയുകയാണ് ഞാന്‍, ഓര്‍ത്തോ, അവരോടും പറഞ്ഞോ, ഇങ്ങനെ ഇവിടെ നില്‍ക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്‌ക്കോ. നിങ്ങളുടെ ഭാവി സെക്കന്റുകള്‍ക്കുള്ളില്‍ ഇരുളിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കയ്യില്‍ കറുപ്പോ, മഞ്ഞയോ ബാന്‍ഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയില്‍ ജീവിക്കണ്ടേ? വേണ്ടെങ്കില്‍ പോ പാകിസ്ഥാനിലേക്ക്. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്ത്തിപ്പാടാന്‍ ഉദ്ദേശിച്ചാല്‍ അത് നടപ്പില്ല. എന്നായിരുന്നു എസ്പിയുടെ ഭീഷണി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപ്പേരാണ് എസ്പിക്കെതിരെ രംഗത്തെത്തിയത്.