സിനിമയെ സിനിമയായി കാണുക, ചരിത്രവും ഭൂമിശാസ്ത്രവും ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് നഖ്വി

മുംബൈ: സഞ്ജയ് ബന്‍സാലി ഒരുക്കിയ പത്മാവതി ചിത്രവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.

സിനിമയെ സിനിമയായി കാണണമെന്നും അതില്‍ ചരിത്രവും ഭൂമിശാസ്ത്രവും ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തെ എതിര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് സ്വീകരിക്കണം. അതുപോലെ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നിങ്ങള്‍ തള്ളിക്കളയുക. ‘പത്മാവതി’യെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ച് രജപുത്ര സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ജയ്പൂര്‍ റാണിയായിരുന്ന പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കര്‍ണി സേന പ്രവര്‍ത്തകര്‍ നേരത്തെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. റാണിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിയ പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിംഗുമാണ് അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്, അതിദി റാവു, ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Top