ന്യൂഡല്‍ഹി; ആരെയും നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ആള്‍ക്കൂട്ട ആക്രമണങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഉതകുന്ന നിയമങ്ങള്‍ ഇന്ത്യയിലുണ്ടെന്നും ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ നഖ്വി പ്രതികരിച്ചു.
ജയ് ശ്രീ റാം, ജയ് ഹനുമാന്‍ എന്നിങ്ങനെ സ്തുതിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം ആക്രമിച്ച തബ്രിസ് അന്‍സാരിയുടെ മരണത്തിന് പിന്നില്‍ പൊലീസിന്റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ”ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതികള്‍ പിടിക്കപ്പെടാത്ത ഒരു സംഭവം പറയൂ. രാജസ്ഥാനില്‍ പ്രതിക്ക് ആറുമാസത്തേക്ക് ജാമ്യം പോലും ലഭിച്ചില്ല. ഉത്തര്‍പ്രദേശില്‍ പ്രതിയെ നാല് മണിക്കൂറിനുള്ളില്‍ പിടികൂടി. സംഭവം എന്തുതന്നെ ആയാലും നടപടി ഉടനെടുക്കുന്നുണ്ടെന്നും’ – നഖ്‌വി പറഞ്ഞു.