അറ്റോർണി ജനറല്‍ സ്ഥാനം നിഷേധിച്ച് മുകുൾ റോത്തഗി

ദില്ലി: അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി. തീരുമാനം മുകുൾ റോത്തഗി കേന്ദ്രസർക്കാറിനെ അറിയിച്ചു. മുകുൾ റോത്തഗി അറ്റോർണി ജനറലാകാന്‍ സമ്മതം അറിയിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. നിലവിലെ അറ്റോർണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം 30 ന് തീരുകയാണ്. തുടരാന്‍ താല്‍പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. മുകുൾ റോത്തഗിയും ഇത് നിരാകരിച്ചതോടെ പുതിയൊരാളെ കേന്ദ്രസർക്കാറിന് ഉടന്‍ കണ്ടെത്തേണ്ടി വരും.

പൗരത്വ നിയമഭേദഗതിക്കും കശ്മീർ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹർജികൾ കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് മുകുൾ റോത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന അഭ്യർത്ഥിച്ചതായി സൂചനകളുണ്ടായിരുന്നു. മുമ്പ് 2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2017 -ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ കെ വേണുഗോപാല്‍ ചുമതലയേറ്റത്.

Top