മുകുള്‍ റോയി നവംബറില്‍ ബിജെപി അംഗത്വം നേടുമെന്ന് സൂചന

mukul roy

കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയുമായിരുന്ന മുകുള്‍ റോയി ബിജെപിയിലേക്ക്.

നവംബര്‍ ആദ്യവാരം മുകുള്‍ റോയ് ബിജെപി അംഗത്വം നേടിയേക്കുമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ച ബിജെപിയുടെ ബംഗാള്‍ ചുമതലയുള്ള കൈലാഷ് വിജയവര്‍ഗീയ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുശേഷമാകും മുകുള്‍ റോയിയുടെ ബിജെപി പ്രവേശനത്തില്‍ തീരുമാനമുണ്ടാകുക.

സെപ്റ്റംബറില്‍ രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു മുകുള്‍ റോയിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി തൃണമൂല്‍ നേതൃത്വം അറിയിച്ചു. മുകുള്‍ റോയിയും മമത ബാനര്‍ജിയും തമ്മില്‍ ഏതാനും നാളുകളായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. അനന്തരവനായ അഭിഷേക് ബാനര്‍ജിയെ നേതൃപദവിയിലേക്കു കൊണ്ടുവരാനുള്ള മമതയുടെ നീക്കമാണ് അഭിപ്രായവ്യത്യാസത്തിനു തുടക്കമിട്ടത്.

അടുത്തിടെ നാരദാ ന്യൂസ് അടുത്തിടെ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ മുകുള്‍ റോയി ഉള്‍പ്പെടെ 12 മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ സംഘം കഴിഞ്ഞമാസം മുകുള്‍ റോയിയെ ചോദ്യംചെയ്തിരുന്നു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു മുകുള്‍ റോയിയുടെ നിലപാട്. രണ്ടുവര്‍ഷം മുന്പ് നടന്ന ശാരദ ചിട്ടിതട്ടിപ്പ് കേസിലും മുകുള്‍റോയിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.

Top