മുളന്തുരുത്തി പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചക്കുള്ളില്‍ പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റിസ് എ എം ഷെഫീക്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പളളിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ സിആര്‍പിഎഫിനെ നിയോഗിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം.

Top