പിതാവിന്റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് എസ്.പി നേതാവ് അഖിലേഷ് യാദവ്.
പ്രിയങ്ക ഗാന്ധി യു.പി യില്‍ ഉണ്ടാക്കിയ അലയൊലികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്ക് തൊട്ട് പിന്നാലെയാണ് മുലായം സിംഗും രംഗത്ത് വന്നിരിക്കുന്നത്.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും താന്‍ എന്ത് ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോഴും അത് അപ്പോള്‍ തന്നെ അദ്ദേഹം നടത്തി തന്നിട്ടുണ്ടെന്നും മുലായം പറയുന്നു.
ലോകസഭ സമാപിക്കുമ്പോള്‍ നടത്തിയ സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവിന്റെ വാക്കുകള്‍ യു.പിയില്‍ വന്‍ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ബി.ജെ.പിക്കെതിരെ മായാവതിയുടെ ബി.എസ്.പിയുമായി സഖ്യമായി മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതൃത്വത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ് മുലായത്തിന്റെ മോദി സ്തുതി. പിതാവിനോട് എതിര്‍പ്പ് അറിയിച്ച അഖിലേഷ് നിലപാട് മാറ്റാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും മുലായം വഴങ്ങിയിട്ടില്ല.
യു.പിയില്‍ ശക്തമായ സ്വാധീനം പാര്‍ട്ടിക്ക് അകത്തും ജനങ്ങള്‍ക്കിടയിലും ഇപ്പോഴും മുലായത്തിനുണ്ട്. സഹോദരന്‍ ശിവപാല്‍ സിംഗ് യാദവുമായി അഖിലേഷ് ഇടഞ്ഞപ്പോഴും കടുത്ത അതൃപ്തി അദ്ദേഹത്തിനുണ്ടായിരുന്നു.
പാര്‍ട്ടിയുടെ പുതിയ നായകനായി മകന്‍ വളര്‍ന്നതോടെ മുലായം പിന്‍സീറ്റിലേക്ക് മാറി.എസ്.പി – ബി.എസ്.പി സഖ്യം നിലവില്‍ വന്നതിനോട് മുലായത്തിന് വലിയ താല്‍പ്പര്യമില്ലന്ന് കൂടി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രതികരണം.
യു പിയിലെ 80 ലോകസഭ സീറ്റില്‍ 38 സീറ്റുകളില്‍ വീതമാണ് എസ്.പിയും ബി.എസ്.പിയും മത്സരിക്കുന്നത്. ഈ കൂട്ടുകെട്ട് 60 സീറ്റു വരെ നേടുമെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമായിരുന്നത്. കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തിയുണ്ടാക്കിയ സഖ്യത്തില്‍ പ്രതിഷേധിച്ച് ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും ജോതിരാതിത്യ സിന്ധ്യക്കുമാണ് ചുമതല.
പ്രിയങ്കയും രാഹുലും നടത്തിയ റോഡ് ഷോയിലെ വന്‍ ജനപങ്കാളിതം കണ്ട് എസ്.പി – ബി.എസ്.പി സഖ്യം ഞെട്ടിയിരുന്നു. സീറ്റുകള്‍ വിട്ടു നല്‍കി കോണ്‍ഗ്രസിനേയും കൂടെ കൂട്ടാന്‍ പറ്റുമോ എന്ന് അഖിലേഷ് ചര്‍ച്ച നടത്തുന്നതിനിടെയാണ് മുലായം തന്നെ പുതിയ തലവേദന ഉണ്ടാക്കിയിരിക്കുന്നത്.
എസ്.പി സ്ഥാപക നേതാവ് തന്നെ മോദിയുടെ രണ്ടാം ഊഴം ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ തന്നെ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമധ്യമങ്ങളില്‍ പ്രചരണം തുടങ്ങി കഴിഞ്ഞു.2014 ലെ ലോകസഭ സീറ്റില്‍ 80 ല്‍ 71 സീറ്റും നേടി യു .പി യില്‍ തകര്‍പ്പന്‍ വിജയം നേടിയത് ബി.ജെ.പിയായിരുന്നു.
ബി.ജെ.പിയുടെ പുതിയ പ്രചരണ തന്ത്രത്തില്‍ ബി.എസ്.പി നേതൃത്വവും ആശങ്കയിലാണ്. സഖ്യം തിരിച്ചടിയാകുമോ എന്നാണ് ഭയം. എസ്.പി യിലെയും ബി.എസ്.പിയിലെയും അസംതൃപ്തരെ റിബലുകളായി രംഗത്തിറക്കാനും ബി.ജെ.പി ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇനി സമാജ് വാദി പാര്‍ട്ടി കുറച്ച് സീറ്റുകളില്‍ വിജയിച്ചാല്‍ പോലും തെരഞ്ഞെടുപ്പിന് ശേഷം മുലായം വഴി അവരെ എന്‍.ഡി.എയില്‍ എത്തിക്കാന്‍ കഴിയുമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നു.
യു.പി രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളിലും മുലായത്തിന്റെ അപ്രതീക്ഷിത പ്രതികരണത്തിലും ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളും അമ്പരന്നിരിക്കുകയാണ്.