ലക്നൗ: അഖിലേഷ് യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കിയത് വൻ പിഴവായിരുന്നെന്ന് അച്ഛൻ മുലായംസിംഗ് യാദവ്. കോണ്‍ഗ്രസുമായി ഉത്തർപ്രദേശിലുണ്ടാക്കിയ കൂട്ടുകെട്ട് സമാജ്വാദി പാർട്ടിയുടെ നാശത്തിനു കാരണമായെന്നും മുലായം കുറ്റപ്പെടുത്തി. സമാജ് വാദി പാർട്ടിയുടെ പിളർപ്പിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം അഖിലേഷിനെതിരേ രൂക്ഷവിമർശനമുന്നയിച്ചത്.
കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ട് പോകരുതെന്ന് ഞാൻ അഖിലേഷിനോടു നിർദേശിച്ചിരുന്നതാണ്. എന്നാൽ, അഖിലേഷ് അതു മാനിച്ചില്ല. പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം ഞങ്ങൾക്കു തന്നെയാണ്. അത് ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുലായം വ്യക്തമാക്കി.
തന്റെ ജീവിതം തകർക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്ത പാർട്ടിയുമായാണ് അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും മുലായം കുറ്റപ്പെടുത്തി.
അഖിലേഷിനെതിരേ തിരിഞ്ഞ ശിവപാൽ യാദവ് കഴിഞ്ഞദിവസം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. മൂന്നു മാസത്തിനുള്ളിൽ പാർട്ടി സ്ഥാനങ്ങൾ മുലായത്തിനു കൈമാറിയില്ലെങ്കിൽ സെക്കുലർ ഫ്രണ്ടുമായി മുന്നോട്ടു പോകുമെന്നാണ് ശിവപാലിന്റെ ഭീഷണി.