ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് ഉണ്ടായ കനത്ത തോല്‍വിക്ക് മാധ്യമങ്ങളേയും വോട്ടര്‍മാരേയും കുറ്റപ്പെടുത്തി മുലായം സിങ് യാദവ് രംഗത്ത്.
പാര്‍ട്ടിയിലെ കുടുംബ വഴക്കിന് മാത്രമാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്. യുപി ജനത ബിജെപിയാല്‍ കബളിപ്പിക്കപ്പെട്ടെന്നും മുലായം പറഞ്ഞു.
അഖിലേഷ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ജനങ്ങള്‍ പാര്‍ട്ടിക്ക് തോല്‍വിയാണ് സമ്മാനിച്ചത്. ചല്‍ മോദിചല്‍ മോദിയില്‍ കബളിപ്പിക്കപ്പെട്ട ജനങ്ങള്‍ ബിജെപിയ്‌ക്കൊപ്പം പോയി. സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കാണ് മാധ്യമങ്ങള്‍ കൂടുതല്‍ കവറേജ് നല്‍കിയത്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണക്കാലത്തെ ആഭ്യന്തര കലഹങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ മറ്റു പാര്‍ട്ടികളുടെ ഭരണക്കാലത്തും മാധ്യമങ്ങള്‍ അതേകാര്യം ചെയ്യണമെന്നും മുലായം കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും താല്‍പ്പര്യങ്ങള്‍ മാനിച്ചു മാത്രമേ താന്‍ ഇനി അടുത്ത ചുവടു വെക്കുകയുള്ളൂ എന്നും മുലായം വ്യക്തമാക്കി.
അതേസമയം മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന ബിജെപി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എസ്പിയുടെ തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മുലായത്തിന് സാധിച്ചിട്ടില്ലെന്ന് ബിജെപി പരിഹസിച്ചു. യുപി ജനതയുടെ തിരഞ്ഞെടുപ്പിനെ മാത്രമല്ല അവരുടെ വിവേകത്തേയും മുലായം ചോദ്യം ചെയ്തിരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് മനീഷ് ശുക്ല പറഞ്ഞു.