mulayam singh yadav statement

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം താന്‍ പ്രധാനമന്ത്രിയാവേണ്ടതായിരുന്നുവെന്നും അതിനുള്ള അവസരം നഷ്ടപ്പെടുത്തിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് പറഞ്ഞു.

മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവും അഖിലേഷും തമ്മില്‍ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. ഇതു സംബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മുലായത്തിന്റെ വെളിപ്പെടുത്തല്‍.

2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി അദ്ധ്യക്ഷനെന്ന നിലയില്‍ ഞാനും അതിനെ അനുകൂലിച്ചു.

എന്നാല്‍, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം അഖിലേഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു ശിവ്പാല്‍ യാദവിന്റെ നിലപാട്. എന്നാല്‍, പാര്‍ട്ടിയിലെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ അഖിലേഷ് മുഖ്യമന്ത്രി ആവട്ടെയെന്ന് തീരുമാനിച്ചു.

അഖിലേഷ് മുഖ്യമന്ത്രിയായി എന്നല്ലാതെ മറ്റെന്താണ് അതുകൊണ്ട് സംഭവിച്ചത്? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് ആകെ ജയിച്ചത് അഞ്ചു പേരാണ്. ശിവ്പാലിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 30 മുതല്‍ 35 സീറ്റു വരെ ലഭിക്കുമായിരുന്നു.

അങ്ങനെയെങ്കില്‍ ഞാന്‍ ഒരുപക്ഷേ, പ്രധാനമന്ത്രി ആയേനേ മുലായം പറഞ്ഞു. തന്റെ മകനായതുകൊണ്ടു മാത്രമാണ് അഖിലേഷിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചതെന്നും മുലായം കൂട്ടിച്ചേര്‍ത്തു.

Top