ലക്നൗ: അടുത്താഴ്ച നടക്കുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിലേക്ക് മൂലായം സിംഗ് യാദവിനെ ക്ഷണിച്ച് മകന്‍ അഖിലേഷ് യാദവ്.
ഇതോടെ ഏറെ നാളായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് അവസാനമാകുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി അഖിലേഷ് സഖ്യം ഉണ്ടാക്കിയതിന് പിന്നാലെ മുലായം പാര്‍ട്ടിയില്‍ നിന്ന് വിട്ടു നിന്നിരുന്നു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഒക്ടോബര്‍ അഞ്ചിനാണ് സമാജ്വാദി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കുന്നത്. അഖിലേഷ് നേരിട്ടെത്തിയാണ് മുലായത്തെ ക്ഷണിച്ചതെന്ന് പാര്‍ട്ടി അറിയിച്ചു.
എന്നാല്‍ മുലായം പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അത് ഒഴിവാക്കാന്‍ വേണ്ടിയാണ് അഖിലേഷ് മുലായത്തെ ക്ഷണിച്ചതെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
എന്നാല്‍, താന്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുലായം സിംഗ് മുമ്പ് അറിയിച്ചിരുന്നു. എന്റെ മകന്‍ എന്ന നിലയില്‍ എല്ലാ അനുഗ്രഹങ്ങളും അഖിലേഷിനൊപ്പമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തോടാണ് എനിക്ക് വിയോജിപ്പെന്നും മുലായം വ്യക്തമാക്കിയിരുന്നു.