തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്ന് കെപിസിസി പ്രസിന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പോസ്റ്റല്‍ വോട്ടിലെ അട്ടിമറിക്ക് പിന്നില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതൃത്വവുമുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ലെന്നും സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉന്നതര്‍ പങ്കാളികളായ ഈ കേസില്‍ കുറ്റക്കാരെ വെള്ളപൂശുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഡിജിപി ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. ഉദ്യോഗസ്ഥരെ കൊണ്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലൂടെ ഒരിക്കലും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ വരില്ല, മുല്ലപ്പള്ളി വ്യക്തമാക്കി.
ജൂനിയര്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം. ഈ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പങ്കില്ലെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല, മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.