മുല്ലപ്പള്ളിക്കും ഉന്നം മുഖ്യമന്ത്രി കസേര . . . ഇനി കോൺഗ്രസ്സിൽ പുതിയ പോർമുഖം !

കോണ്‍ഗ്രസ്സ് പുനസംഘടനയില്‍ പിടിമുറുക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നീക്കം. ബൂത്ത് മുതല്‍ കെ.പി.സി.സി വരെ മാറ്റം വരുത്താനാണ് ആലോചന. രാഷ്ട്രീയ കാര്യ സമിതി പുനസംഘടനക്ക് പച്ചക്കൊടി കാണിച്ചത് ആയുധമാക്കിയാണ് ഈ നീക്കം.

വി.എം സുധീരന്‍ മുന്‍കൈ എടുത്ത് ഡി.സി.സി അദ്ധ്യക്ഷന്‍മാരാക്കിയ വി.കെ ശ്രീകണ്ഠനും ടി.എന്‍ പ്രതാപനും എം.പിമാരായതിനാല്‍ ഇവിടെയും പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്.മുഖ്യമന്ത്രി കസേര മുന്നില്‍ കണ്ടാണ് മുല്ലപ്പള്ളിയുടെ സകല നീക്കങ്ങളും. വടകരയില്‍ മത്സരിക്കാതിരുന്നതും ഈ താല്‍പ്പര്യം മുന്‍നിര്‍ത്തി തന്നെയായിരുന്നു.

സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ എം.പിയായവരുടെ പട്ടികയിലാണ് മുല്ലപ്പള്ളിയുടെ സ്ഥാനം. 7 തവണയാണ് മുല്ലപ്പള്ളി എം.പി യായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ സീനിയോറിറ്റി മുഖ്യമന്ത്രി പദത്തിലേക്ക് വഴി തുറക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല പരാജയമായത് മുല്ലപ്പള്ളിക്ക് അനുകൂല ഘടകമാണ്. ഘടക കക്ഷികളുടെ പിന്തുണയും ചെന്നിത്തലക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഇതെല്ലാം കണക്കുകൂട്ടി തന്നെയാണ് മുല്ലപ്പള്ളിയുടെ കരുനീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്ന മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളെ കൂടെ നിര്‍ത്താനും മുല്ലപ്പള്ളി ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ പാര്‍ട്ടികളിലെ നേതാക്കളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനാണ് നീക്കം.എ.കെ ആന്റണിയുടെ പിന്തുണയും ഒടുവില്‍ തനിക്കാണ് ലഭിക്കുകയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കരുതുന്നത്.

കേരള കോണ്‍ഗ്രസ് പിളരുകയാണെങ്കില്‍ രണ്ട് വിഭാഗത്തെയും മുന്നണിയില്‍ നിര്‍ത്താമെന്നതാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും സമാന നിലപാട് തന്നെയാണുള്ളത്. അവരും ലക്ഷ്യമിടുന്നത് ജോസ് കെ മാണിയുടെയും പി .ജെ ജോസഫിന്റെയും പിന്തുണ തന്നെയാണ്.

മുഖ്യമന്ത്രി പദത്തിലേക്ക് ഉമ്മന്‍ ചാണ്ടി – ചെന്നിത്തല തര്‍ക്കം ഉണ്ടായാല്‍ പൊതു സമ്മതനായി കയറി കൂടുകയാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യം. ഇനിയും ഒരവസരം ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്റ് നല്‍കില്ലെന്നാണ് കണക്ക് കൂട്ടല്‍. അതേസമയം മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന ചെന്നിത്തലക്ക് ആലപ്പുഴയിലെ ഷാനിമോള്‍ ഉസ്മാന്റെ പരാജയം വലിയ തിരിച്ചടിയായിട്ടുണ്ട്.

സ്വന്തം ഗ്രൂപ്പില്‍ തന്നെ ചെന്നിത്തലക്കെതിരെ വലിയ പ്രതിഷേധമാണുള്ളത്. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് വോട്ട് കുത്തനെ കുറഞ്ഞത് ഷാനിമോള്‍ തന്നെ പരാതിയായി ഉന്നയിച്ചിട്ടുണ്ട്. തോല്‍വി അന്വേഷിക്കുന്ന കമ്മിഷന്റെ കണ്ടെത്തലുകളും ചെന്നിത്തലയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും. തരംഗമുണ്ടായിട്ടും സ്വന്തം ജില്ലയില്‍ ഷാനിമോള്‍ പരാജയപ്പെട്ടതിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐ ഗ്രൂപ്പുകാരിയായ ഷാനിമോളെ സ്വന്തം ഗ്രൂപ്പ് തന്നെയാണ് പാലം വലിച്ചതെന്നാണ് എ വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഐ വിഭാഗത്തില്‍ ചെന്നിത്തലക്കൊപ്പം ഉറച്ച് നിന്നിരുന്ന അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് ലോകസഭ സീറ്റ് വാങ്ങിക്കൊടുത്തത് ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദഫലമായാണ്. കെ.മുരളീധരന് വടകര ലഭിക്കുന്നതിനും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ് വഴി ഒരുക്കിയത്. എം.പിമാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ ഇപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചിട്ടുണ്ട്. ഇതും അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തന്നെയാണ്. ഹൈക്കമാന്റില്‍ സ്വാധീനം ചെലുത്താന്‍ എം.പി പടയെയും ഉമ്മന്‍ചാണ്ടി നിയോഗിച്ചേക്കും.

ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് സോളാറില്‍ കുരുക്കിയതിന് തിരിച്ചടി നല്‍കാന്‍ വീണ്ടും മുഖ്യമന്ത്രിയാവണമെന്ന ഉറച്ച നിലപാടിലാണ്. അതിന് ഏതറ്റം വരെ പോകാനും തയ്യാറായിട്ടാണ് അദ്ദേഹവും എ ഗ്രൂപ്പും നീങ്ങുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും സകല അടവുകളും പയറ്റിയിട്ടും ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു മാറിയതും ‘അപകടം’ മുന്നില്‍ കണ്ടാണ്.

ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടി മുഖ്യമന്തി പദത്തിലെത്താനുള്ള ശേഷിയൊന്നും മുല്ലപ്പള്ളിക്ക് നിലവില്‍ ഇല്ല. അതു കൊണ്ട് തന്നെയാണ് ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നത്. എ – ഐ വിഭാഗങ്ങള്‍ മുഖ്യമന്ത്രി പദത്തിനായി പരസ്പരം പോരടിക്കുമ്പോള്‍ നേട്ടം കൊയ്യാമെന്നതാണ് കണക്കുകൂട്ടല്‍. ഇതിന് വഴി ഒരുക്കാന്‍ സ്വന്തം കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് പുനസംഘടന വഴി മുല്ലപ്പള്ളി ലക്ഷ്യമിടുന്നത്.ഡി.സി.സി – കെ.പി.സി.സി തലപ്പത്ത് പരമാവധി അനുകൂലികളെ തിരുകി കയറ്റാനാണ് നീക്കം.


മുല്ലപ്പള്ളിയുടെ കരു നീക്കങ്ങളെ എ – ഐ വിഭാഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഗ്രൂപ്പ് സമവാക്യം പാലിച്ചില്ലെങ്കില്‍ എതിര്‍ക്കാനാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ തീരുമാനം.അതേസമയം ഐ ഗ്രൂപ്പില്‍ പുകഞ്ഞ് കൊണ്ടിരിക്കുന്ന അസ്വസ്ഥത പുന:സംഘടനയോടെ പൊട്ടിത്തെറിയില്‍ കലാശിക്കാനും സാധ്യത ഏറെയാണ്.

Political Reporter

Top