തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്കുണ്ടായ ആക്രമണം സാംസ്‌കാരിക ഫാസിസമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആശ്രമം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എതിര്‍ സ്വരങ്ങളെ ഈ രീതിയില്‍ ആക്രമിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ രീതിയാണെന്നും അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്നും സ്വാമിയുടെ നിലപാടുകളെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നുവെന്നും അക്രമം മുന്‍കൂട്ടി മനസിലാക്കാന്‍ സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാറിന് തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശ്രമത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്. തീ ആളിപ്പടരുന്നത് കണ്ട ആശ്രമത്തിലുള്ളവര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും അയ്യപ്പധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറും തന്ത്രി കുടുംബവുമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. ഇതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.