മുല്ലപ്പെരിയാറില്‍ കേരളത്തിന് തിരിച്ചടി; ഇടക്കാല ഉത്തരവു തുടരും, ജലനിരപ്പ് 142 അടിയാക്കാം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമ തീര്‍പ്പ് വേഗത്തിലുണ്ടാക്കാമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരുമിച്ചു പരിഗണിക്കാമെന്നും സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10ലേക്കു മാറ്റി.

അതുവരെ മേല്‍നോട്ട സമിതി നിര്‍ദേശിച്ച ജലനിരപ്പു തുടരാമെന്ന ഒക്ടോബര്‍ 28ലെ ഇടക്കാല ഉത്തരവു തുടരും. ഇതോടെ മുല്ലപ്പെരിയാറില്‍ നവംബര്‍ 30 മുതല്‍ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്നാടിന് തടസമില്ലാത്ത നിലയായി.

പകുതി കേട്ട രണ്ടു കേസുകളിലെ വാദം അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതു കൂടി പരിഗണിച്ചാണ് മുല്ലപ്പെരിയാര്‍ കേസ് ഡിസംബര്‍ പത്തിലേക്കു മാറ്റിയത്. മേല്‍നോട്ട സമിതിയുടെ നിര്‍േദശത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ മുല്ലപ്പെരിയാര്‍ കേസില്‍ അടിയന്തര ഉത്തരവിലല്ല തങ്ങളുടെ ഊന്നലെന്ന് കേരളത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു. പകരം, തമിഴ്‌നാടിന്റെ നിര്‍ദേശപ്രകാരമുള്ള റൂള്‍ കര്‍വിന്റെ കാര്യത്തില്‍ കേരളം ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കണമെന്ന് കേരളം ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വിഷയത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കണമെന്നു കേരളം വ്യക്തമാക്കിയത്. ഇതിനോടു തമിഴ്‌നാടിനു വേണ്ടി ഹാജരായ ശേഖര്‍ നാഫ്‌ഡെയും യോജിച്ചു. മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണമെന്ന ആവശ്യമാണ് സുരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിനു വേണ്ടി ഹാജരായ വില്‍സ് മാത്യു ഉന്നയിച്ചത്. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റിനു വേണ്ടി ഹാജരായ വി.കെ. ബിജു ഡാമിലെ ജലചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നതാണെന്നും ബിജു പറഞ്ഞു. ആഴ്ചതോറുമുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നു തമിഴ്‌നാട് മറുപടി നല്‍കി. തമിഴ്‌നാട് എന്‍ജിനീയര്‍മാര്‍ തയാറാക്കുന്നതല്ല, കേരളവും കൂടി ചേര്‍ന്നു പരിശോധിച്ചുള്ളതാണ് വേണ്ടതെന്നും അപ്പോഴെ സ്വീപ്പേജ് ഡാറ്റയ്ക്ക് വിശ്വാസ്യതയുണ്ടാകുവെന്നും ബിജു ചൂണ്ടിക്കാട്ടി.

കേസ് കോടതി വാദത്തിനു പരിഗണിക്കുമ്പോള്‍ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്ന് ജഡ്ജിമാരായ എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. കേസില്‍ അടിയന്തര നോട്ടിസ് നല്‍കി നീട്ടിക്കൊണ്ടുപോകേണ്ടെന്ന കോടതിയുടെ അഭിപ്രായത്തോട് കക്ഷികള്‍ യോജിച്ചു.

Top