മുല്ലപ്പെരിയാര്‍; മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് സുപ്രിംകോടതി

ഡൽഹി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്താൻ സുപ്രിംകോടതി. ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് സൂചന നൽകി. കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. മറ്റന്നാൾ ഇരു സംസ്ഥാനങ്ങളുടെയും നിലപാട് അറിഞ്ഞ ശേഷം ഉത്തരവിറക്കും.

ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവർത്തനം പൂർണതോതിലാകാൻ ഒരു വർഷമെടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. അതുവരെ മേൽനോട്ട സമിതിക്ക് തുടരാവുന്നതാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നിർദേശം മുന്നോട്ടുവച്ചു.

സ്ഥിരം സമിതി രൂപീകരിക്കുന്നത് വരെ മേൽനോട്ട സമിതിക്ക് നിയമപരമായ എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കാന കഴിയുമെന്ന് പറയണമെന്നാണോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. സ്ഥിരം സമിതി രൂപീകരണത്തിന് ഒരു വർഷമെടുക്കുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ മറുപടി നൽകി. അണക്കെട്ടിന്റെ ദൃഢത, ഘടന തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Top