പ്രളയക്കെടുതി; ഉന്നതതല യോഗത്തില്‍ അടിയന്തരമായി നടപടി വേണമെന്ന് കേരളം

pinarayi

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അടിയന്തരമായി നടപടി വേണമെന്ന് കേരളം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയരാതിരിക്കുവാന്‍ നടപടിയെടുക്കണമെന്നാണ് കേരളം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ അടക്കമുള്ള ഉന്നത ഉഗ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്തമഴയാണ് പെയ്യുന്നത്. മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ അതി തീവ്രമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ മഴയ്ക്ക് ശമനമുണ്ടാകില്ല. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്. ഈ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി ഇതുവരെ കുറഞ്ഞിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 6 പേര്‍ മരിച്ചു. മൂന്നാറടക്കം പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.

Top