ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഡാം ഷട്ടര്‍ ഉയര്‍ത്തി. 7.29 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. ഇതോടെ, പെരിയാറില്‍ 60 സെന്‍റീമീറ്റര്‍ താഴെ ജലനിരപ്പുയരും.
വേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും. ഡാം തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുക വള്ളക്കടവിലാണ്. ഡാം തുറന്നതില്‍ ആശങ്ക വേണ്ടെന്നും സുരക്ഷാക്രമീകരണങ്ങളെല്ലാം സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പ്രദേശത്ത് ചെറിയ തോതില്‍ മഴ നിലനില്‍ക്കുന്നുണ്ട്. മുപ്പത് മിനിറ്റിനകം ജലം വെള്ളക്കടവില്‍ എത്തും. അവിടെ എന്‍ഡിആര്‍എഫിന്റേത് ഉള്‍പ്പെടെ സേവനം സജ്ജമാണ്.
മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരു. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരങ്ങളില്‍ കനത്ത ജാഗ്രതയിലാണ്. തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴ് വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.