തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് വി ടി സതീശന്‍ എം.എല്‍.എ. നിലപാട് വഞ്ചനാപരമാണന്ന് സതീശന്‍ കുറ്റപ്പെടുത്തി.
എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാട് മാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ലംഘനമാണെന്ന് വി.ടി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്‌നാടിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ലെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണക്കെട്ടിന്റെ പേരില്‍ അനാവശ്യ വികാരങ്ങള്‍ ഉണര്‍ത്തേണ്ടെതില്ലെന്നും തമിഴ്‌നാടുമായി ഉഭയകക്ഷി ചര്‍ച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തിലോ സര്‍ക്കാര്‍ അഭിഭാഷകരുമായോ ചര്‍ച്ച നടത്തിയതായി ജനങ്ങള്‍ക്ക് അറിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് കേരളം ഭരണപരമായും, നിയമപരമായും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളിലും ഇടതുപക്ഷത്തിന്റെ അഭിപ്രായം പുതിയ അണക്കെട്ട് വേണം എന്നുതന്നെ ആയിരുന്നു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി സമര്‍പ്പിച്ച നിവേദനത്തിലും പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഈ നിവേദനസംഘത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും അംഗമായിരുന്നു.
മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാടു മാറ്റം ഇതു സംബന്ധിച്ച സുപ്രീം കോടതി കേസുകളെയും പ്രതികൂലമായി ബാധിക്കും. ഇത് കേരളത്തിന്റെ താത്പര്യം ബലികഴിക്കുന്നതാണ്. ഏകപക്ഷീയമായ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്‌നാടിന് സുപ്രീം കോടതിയില്‍ ആയുധമാവുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നും വി.ടി സതീശന്‍ ചൂണ്ടിക്കാട്ടി.