Mullaperiyar water level rises to 137 feet

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. വൃഷ്ടി പ്രദേശമായ പെരിയാര്‍ വനമേഖലയിലും തേക്കടിയിലും മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയോളമെത്തി. സെക്കന്‍ഡില്‍ 2213 അടിയാണ് അണക്കെട്ടിലേക്കുള്ള ഇപ്പോഴത്തെ നീരൊഴുക്ക്.

തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ട് ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവുമായി മുല്ലപ്പെരിയാര്‍ സമരസമിതിയുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടടക്കമുള്ളവയില്‍ ജലം നിറഞ്ഞതിനാല്‍ ഇത് സാധ്യമാകില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. 72 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടില്‍ ജലനിരപ്പ് 64 അടിയിലെത്തിയിട്ടുണ്ട്. തേനിയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സെക്കന്‍ഡില്‍ 2854 ഘനയടി ജലമാണ് വൈഗയിലേക്ക് ഒഴുകിയെത്തുന്നത്.

പെരിയകുളത്തിന് സമീപമുള്ള ചോത്തുപാറ അണക്കെട്ടും നിറഞ്ഞുകഴിഞ്ഞു. 126.28 അടി ശേഷിയുള്ള ഇവിടത്തെ ജലനിരപ്പ് 126 അടിയായി. 65 അടി ശേഷിയുള്ള തേനിയിലെ മഞ്ഞളാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ മുല്ലപ്പെരിയാറിലെ ജലം കൊണ്ടുപോകാനാകില്ലെന്ന വാദമാണ് തമിഴ്‌നാട് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ജലം കൊണ്ടുപോകാത്തതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം 142 അടിയിലേക്ക് ഉയര്‍ന്നേക്കും.

Top