ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കണം; മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ പേരില്‍ 144 പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത കെ മുരളീധരനെ തള്ളി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. 144 പ്രഖ്യാപിച്ചാല്‍ പാലിക്കേണ്ടി വരും. ഒക്ടോബര്‍ 31 വരെ നിലവിലെ നിലപാട് കെപിസിസി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത്. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിത്. രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. ഈ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Top