ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായിയില്‍ പോയില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഇഡി പരിശോധനയെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പോയ ബാലാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായിയില്‍ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോടിയേരിയുടെ വീട് രമ്യഹര്‍മ്യമാണ്. വീടിനു മുന്നില്‍ കോടികള്‍ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൊള്ള സംഘം പോലെയാണ്. ഊര്‍ജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലവകാശ കമ്മിഷന്‍ ബിനീഷിന്റെ വീട്ടില്‍ പോയത്.

ബിനീഷിന്റെ വീട്ടില്‍ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദര്‍ശപുരുഷനാക്കി മാറ്റാന്‍ ശ്രമിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top