തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റും ആക്ടിങ് പ്രസിഡന്റുമാരും വന്നിട്ട് കോണ്‍ഗ്രസിനെ ആക്ടീവാക്കാന്‍ കഴിയുന്നില്ല. 18 വര്‍ഷം മുമ്പ് കെ. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴുള്ള ഭൂരിപക്ഷം ഭാരവാഹികളും ഉള്‍പ്പെടെ ആള്‍ക്കൂട്ടമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമടക്കമുള്ള 63 ഭാരവാഹികളാണ് കെ.പി.സി.സിക്കുള്ളത്. ഇവരില്‍ പലരും നിര്‍ജീവമാണ്.
ഗ്രൂപ്പ് നോമിനി പദവിയിലൂടെ ഭാരവാഹികളായ ഇവര്‍ പാര്‍ട്ടി പദവി അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. ജംബോ ഭാരവാഹികളുമായി കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു മനസിലാക്കി വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിക്ക് രൂപം നല്‍കി.
സുധീരന്‍ മാറി ഹസന്‍ വന്നപ്പോഴും രാഷ്ട്രീയകാര്യ സമിതി തുടരുകയായിരുന്നു. മുല്ലപ്പള്ളി ചുമതലയേറ്റെടുത്തതോടെ രാഷ്ട്രീയകാര്യ സമിതിക്കൊപ്പം ഭാരവാഹികള്‍ക്കും ചുമതലകള്‍ വീതിച്ചു നല്‍കുകയാണ്. സി.പി.എം അടക്കമുള്ള പാര്‍ട്ടികളില്‍ ചിട്ടയോടെ സമ്മേളനങ്ങളും സംഘടനാ തെരഞ്ഞെടുപ്പും നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ട് പതിറ്റാണ്ടുകളായി.
ഗ്രൂപ്പ് മാനേജര്‍മാരൊത്തു ചേര്‍ന്ന് നോമിനേഷനിലൂടെയാണ് ഭാരവാഹികളെ നിശ്ചയിക്കുന്നത്. ഗ്രൂപ്പു കളിയില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി കോണ്‍ഗ്രസില്‍ പുതിയ നേതൃത്വത്തെ കൊണ്ടു വരാനുള്ള വി.എം സുധീരന്റെ നീക്കത്തെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചാണ് പൊളിച്ചത്.
കെ.പി.സി.സിയേക്കാള്‍ വലിയ ഭാരവാഹിപ്പടയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലുള്ളത്. 50 മുതല്‍ 55 ഭാരവാഹികള്‍ വരെയാണ് മിക്കയിടത്തും. ആലപ്പുഴ ജില്ലയില്‍ 73 ഭാരവാഹികള്‍ വരെയുണ്ട്. അതേസമയം, സംഘടനാ സംവിധാനം ചലിപ്പിക്കേണ്ട ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തനം നിര്‍ജീവമാണ്.
വിജയസാധ്യതയുണ്ടായിരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയത് സംഘടനാ സംവിധാനം ദുര്‍ബലമായതിനാലാണ്.
പിണറായി സര്‍ക്കാരിനെതിരെ ഒരു ജനകീയ സമരവും ഉയര്‍ത്തി കൊണ്ടുവരാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. മൂന്നു മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെക്കേണ്ടി വന്നതിലും പ്രതിപക്ഷത്തിന് ഒരു റോളുമുണ്ടായിരുന്നില്ല. സി.പി.എമ്മിന്റെ നിലപാടുകളാണ് മന്ത്രിമാരുടെ രാജിക്കും തിരിച്ചു വരവിനുമെല്ലാം വഴിയൊരുക്കിയത്.
ശബരിമല വിഷയത്തിലടക്കം ഉറച്ച നിലപാടില്ലാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷത്തെ സമരസജ്ജമാക്കിയിരുന്ന യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നിര്‍ജീവമാണ്.
ആള്‍ക്കൂട്ടത്തിനപ്പുറത്തേക്ക് സംഘടനാ സംവിധാനമില്ലാത്ത ദയനീയ അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിന്റെ വോട്ടു ബാങ്ക് ബി.ജെ.പി പിടിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.