കോണ്‍ഗ്രസ് പുനസംഘടന അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന ഭീഷണിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ച് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണിപ്പോള്‍ മുല്ലപ്പള്ളി.
ഈ വര്‍ഷം പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഭാരവാഹികളില്ലാത്ത പ്രസിഡന്റായി തുടരാനാവില്ലെന്ന കടുത്ത നിലപാടാണ് മുല്ലപ്പള്ളിക്കുള്ളത്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും മുല്ലപ്പള്ളി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. സോണിയ തന്നെ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഇരു നേതാക്കളുമുള്ളത്.
മുല്ലപ്പള്ളിക്കൊപ്പം ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയും ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിക്കും. ഈ ചര്‍ച്ചയില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം. പുനസംഘടന നടത്തിയിട്ടേ കേരളത്തിലേക്കുള്ളൂ എന്ന നിലപാടിലാണ് മുന്‍ മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി. മുല്ലപ്പള്ളിക്ക് പ്രവര്‍ത്തിക്കാന്‍ പുതിയ ടീമിനെ നല്‍കാത്തതില്‍ ആന്റണിയും അസ്വസ്ഥനാണ്.
കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി ചുമതലയേറ്റ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സഹഭാരവാഹികളെ പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ആന്റണി. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതില്‍ ആന്റണിയുടെ ഇടപെടലായിരുന്നു നിര്‍ണായകമായിരുന്നത്.
കെ.പി.സി.സി പുനസംഘടനയില്‍ ഗ്രൂപ്പ് പ്രാതിനിത്യവും സമുദായ സമവാക്യവും പരിഗണിച്ചപ്പോള്‍ ഭാരവാഹികളുടെ എണ്ണം നൂറിനടുത്തായിരുന്നു. ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമടക്കമുള്ള 63 ഭാരവാഹികളാണ് നിലവില്‍ കെ.പി.സി.സിക്കുള്ളത്. ഇവരില്‍ പലരും നിര്‍ജീവവുമാണ്. ഗ്രൂപ്പ് നോമിനികളായി ഭാരവാഹികളായ ഇവര്‍ പാര്‍ട്ടി പദവി അലങ്കാരമായി കൊണ്ടുനടക്കുന്നവരുമാണ്. ഇതിനെയും കടത്തി വെട്ടി നൂറോളം ഭാരവാഹികളെ കുത്തിനിറച്ചുള്ള ജംബോ പട്ടിക സമര്‍പ്പിക്കേണ്ടി വന്നത് സമ്മര്‍ദ്ദം കാരണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞിരുന്നത്. മുല്ലപ്പള്ളി എതിരഭിപ്രായം പറഞ്ഞതോടെ ഹൈക്കമാന്റ് ജംബോ പട്ടികക്ക് അംഗീകാരവും നല്‍കിയിട്ടില്ല.
എണ്ണംകുറച്ച് പട്ടിക സമര്‍പ്പിക്കാന്‍ കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും രണ്ടു മാസംകഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് രാജി ഭീഷണി മുഴക്കി മുല്ലപ്പള്ളി നിലപാട് കടുപ്പിച്ചിരിക്കുന്നത്.
എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കേണ്ടന്ന നിലപാടിലായിരുന്നു മുല്ലപ്പള്ളി. ഈ ആവശ്യം ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും അംഗീകരിച്ചെങ്കിലും ചെന്നിത്തല വഴങ്ങിയിരുന്നില്ല. ഇതോടെയാണ് ജനപ്രതിനിധികളെ പാര്‍ട്ടി ഭാരവാഹികളാക്കുന്ന ഇരട്ടപദവിക്കെതിരെ മുല്ലപ്പള്ളി പരസ്യമായിതന്നെ രംഗത്ത് വന്നിരുന്നത്.
ഭാരവാഹികള്‍ പരമാവധി 20 മുതല്‍ 25 വരെ മതിയെന്ന നിലപാടിലാണിപ്പോള്‍ മുല്ലപ്പള്ളി. ഭാരവാഹിത്വമുണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിച്ച നേതാക്കളെ ഇനി എങ്ങിനെ വെട്ടുമെന്ന വേവലാതിയിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുമുള്ളത്.
ഭാരവാഹിത്വ പട്ടികയില്‍ ഉള്‍പ്പെട്ട പലരും പ്രഖ്യാപനത്തിനു മുമ്പുതന്നെ ഫ്ളക്സും പോസ്റ്ററുകളും അടിച്ചിരുന്നു. ഇവരെ എങ്ങിനെ ആശ്വസിപ്പിക്കുമെന്നതാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ പ്രധാന പ്രതിസന്ധി.
പൗരത്വ നിയമത്തിനെതിരായി സി.പി.എമ്മുമായി യോജിച്ച സമരം വേണ്ടെന്ന ശക്തമായ നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചിരിക്കുന്നത്.
പിണറായിയുമായി ഒത്തുചേര്‍ന്ന് ഉപവാസ സമരം നടത്തിയ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ മുല്ലപ്പള്ളി തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതിന് എ ഗ്രൂപ്പിലെ പ്രബലവിഭാഗത്തിന്റെ പിന്തുണയും മുല്ലപ്പള്ളിക്കുണ്ട്. രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥനായ എ.ഐ.സി.സി സംഘടനാ ചമുതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മുല്ലപ്പള്ളിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ചെന്നിത്തലയെ പിന്തുണക്കാതെ കേരളത്തിലെ പാര്‍ട്ടിയുടെ അഭിപ്രായം കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നാണ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നത്. സി.പി.എമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന മുല്ലപ്പള്ളിയുടെ നിലപാടിന് വി.എം സുധീരന്‍, കെ. മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ എന്നിവരുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. യു.ഡി.എഫില്‍ മുസ്ലിം ലീഗൊഴികെയുള്ള ഘടകകക്ഷികളും മുല്ലപ്പള്ളിക്കൊപ്പമാണുള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റിലെ വിജയം എന്ന ചരിത്ര നേട്ടത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ കൈവിട്ട അവസ്ഥയാണ് കോണ്‍ഗ്രസിന് നിലവിലുള്ളത്. ഇടതുപക്ഷത്തിനാകട്ടെ പിണറായിയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന വികാരം ഉയര്‍ത്താനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളിലും വിജയിച്ച് കോണ്‍ഗ്രസ് സിക്സറടിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. എന്നാല്‍ കേരള കോണ്‍ഗ്രസിലെ തമ്മിലടി കാരണം 54 വര്‍ഷം കുത്തകയാക്കിവെച്ച പാലായും നഷ്ടമായി. ഇതിനു പിന്നാലെ കെ. മുരളീധരന്റെ വട്ടിയൂര്‍ക്കാവും അടൂര്‍ പ്രകാശിന്റെ കോന്നിയും കൈവിട്ടുപോയി. എ.എം ആരിഫിന്റെ അരൂര്‍ സീറ്റ് ഷാനിമോള്‍ ഉസ്മാനിലൂടെ പിടിച്ചെടുത്തത് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ആശ്വാസ വിജയം.
ഇടതുപക്ഷത്തിനാവട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഒറ്റ സീറ്റിന്റെ തോല്‍വിക്ക് വലിയ തിരിച്ചടി നല്‍കാനും കഴിഞ്ഞു. ഇനി ഈ വര്‍ഷം നടക്കുന്ന പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ് നിര്‍ണായകം. സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനാവൂ. ഇതിന് കെ.പി.സി.സി നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സഹ ഭാരവാഹികളില്ലാതെ പ്രസിഡന്റിനുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയുകയില്ല. ഈ തിരിച്ചറിവ് ഇപ്പോള്‍ എല്ലാ ഗ്രൂപ്പ് നേതാക്കള്‍ക്കുമുണ്ട്.
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നെ, പുനസംഘടന പൂര്‍ത്തിയാക്കണമെന്ന വികാരമാണ് ഗ്രൂപ്പ് ഭേദമില്ലാതെ അണികള്‍ക്കുള്ളത്. ഈ വികാരം ഉയര്‍ത്തിയാണിപ്പോള്‍ മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. അതിനാല്‍ പുനസംഘടന ഉടന്‍ തന്നെ പൂര്‍ത്തിയാകാനാണ് സാധ്യത.
പുനസംഘടനയോടെ കോണ്‍ഗ്രസില്‍ മുല്ലപ്പള്ളി കൂടുതല്‍ കരുത്തനാകും. മുല്ലപ്പള്ളി വഴി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എ.കെ ആന്റണിയുടെ തിരിച്ചുവരവാണോ നടക്കുക എന്നതാണിപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
Political Reporter