തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിരഹിത സര്‍ക്കാരെന്ന് യശസ്സ് നേടിയെന്ന് പെരുമ്പറ മുഴക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നത്.
കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കില്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആര്‍ജ്ജവവും സത്യസന്ധതുമായിരുന്നു അദ്ദേഹം കാട്ടേണ്ടിയിരുന്നത്. എന്നാല്‍ അത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒളിച്ചുവെയ്ക്കാന്‍ പലതും ഉള്ളതിനാലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരാനും കോടികള്‍ വെട്ടിക്കാനും മടിയില്ലാത്തവരാണ് സിപിഎം നേതാക്കളും മന്ത്രിമാരും. അഴിമതി തൊട്ടുതീണ്ടാത്തവരാണ് തങ്ങളെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേട് അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് അനുമതി നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തുടക്കം മുതല്‍ ഈ കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സെക്രട്ടേറിയറ്റില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ വിജിലന്‍സ് കടത്തി കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. അഴിമതിയുടെ ഉള്ളറകള്‍ സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപജാപകവൃന്ദത്തിന്റെയും മന്ത്രിമാരുടെയും പങ്ക് അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്തമാകും. അഴിമതി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടണം. അതിനുള്ള തുടക്കമാകട്ടെ കോടതിവിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.