ഇടുക്കി: സ്വകാര്യ ക്രഷറിന്റെ ഉദ്ഘാടനത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
മന്ത്രി എംഎം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലെ രാജപ്പാറയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടി മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടേയും അറിവോടെയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ച് രാത്രിയുടെ അവസാനയാമം വരെ നടന്ന ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് മന്ത്രി എംഎം മണിയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാലുവര്‍ഷത്തിന് ഇടയില്‍ ഇതുപോലെ അനിയന്ത്രിതമായി ക്വാറി ലൈസന്‍സ് നല്‍കുകയും മാഫിയാ സംഘങ്ങളുമായി ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത് ഭരണം നടത്തിയ ഒരു കാലം കേരളത്തിലുണ്ടായിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.
ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കുന്നതെല്ലാം അനധികൃതമായ ഭൂമികയ്യേറ്റവും പ്രകൃതി ചൂഷണവുമാണ്. മന്ത്രി മണിയുടേയും കുടുംബത്തിന്റേയും പേര് ഈ ആരോപണവുമായി പലവട്ടം ഉയര്‍ന്ന് വന്നിട്ടുണ്ട്. വിവാദ ക്രഷര്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണ്. ജില്ലാ ഭരണകൂടം സ്റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ച ക്രഷര്‍ യൂണിറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.
നഗ്‌നനൃത്ത പരിപാടികളുടെ ഉദ്ഘാടനം നടത്തി വിവാദ മുതലാളിയില്‍ നിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലമാണ് ഈ നാണം കെട്ട പരിപാടികളെല്ലാം വൈദ്യുത മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ നടക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായിട്ടാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ബന്ധമുണ്ടന്നത് ലജ്ജാകരമാണ്. കോടികള്‍ നല്‍കിയാല്‍ എന്തു നെറികേടിനും ഒപ്പമുണ്ടാകുമെന്ന അപകടകരമായ സന്ദേശമാണ് ഇതിലൂടെ കേരള സര്‍ക്കാര്‍ നല്‍കിയത്. എംഎല്‍എ പങ്കെടുക്കുകയും ചില പൊതുപ്രവര്‍ത്തകന്മാര്‍ മദ്യപിച്ച് ലക്കുകെട്ട് നര്‍ത്തകിയോടൊപ്പം അഴിഞ്ഞാടുന്നതും വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് ആദ്യം കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍കൊണ്ടാണോ?.
ഈ സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ടോമി കല്ലാനി, റോയി പൗലോസ്, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.