കണ്ണൂര്‍: ശുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് തയാറാകാത്തതെന്നു കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ഡിസിസി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ജനകീയ കുറ്റവിചാരണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സി.ബി.ഐ അന്വേഷിച്ചാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്ന് പിണറായി വിജയന്‍ ഭയപ്പെടുന്നു. അതിനാലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ക്കുന്നത്. നിയമ മന്ത്രിയും, നിയമ സെക്രട്ടറിയും പോലും അറിയാതെയാണ് മുഖ്യമന്ത്രി ഇത്തരമൊരു നീക്കം നടത്തിയത്. മുഖ്യമന്ത്രിക്ക് നിഴലിനെ പോലും ഭയമാണ്. കണ്ണൂര്‍ ഡിസിസിയും ശുഹൈബിന്റെ കുടുംബവും നേതാക്കളും ജനങ്ങളും ഈ കൊലപാതകത്തില്‍ ഒരു എംഎല്‍എയ്ക്കും മന്ത്രിക്കും പങ്ക് ഉണ്ടെന്നു പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. പാര്‍ട്ടിക്ക് സംഭവുമായി ബന്ധമില്ലെന്നും ഒറ്റപ്പെട്ട സംഭവമെന്നും പറയുന്നതിന് ഒപ്പം കേസില്ലാതാക്കാനുള്ള നീക്കവും മുഖ്യമന്ത്രി നടത്തുകയാണ്. സിബിഐ അന്വേഷണം വരെ ശക്തമായ പോരാട്ടം തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ.രാത്രിമയങ്ങിയാല്‍ നഗരം ഗുണ്ടകളുടെയും ലഹരിമാഫിയകളുടെയും നിയന്ത്രണത്തിലാണ്. ദേശീയ ക്രൈം റെക്കാര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ്. പിണറായി വിജയന് ആഭ്യന്തരം വകുപ്പ് കൈകാര്യം ചെയ്യാനുള്ള യോഗ്യത നഷ്ടമായി. വിമതശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദമാക്കുന്ന ശൈലിയാണ് സി.പി.എമ്മിന്. ഈ ശൈലി ഉപേക്ഷിക്കാന്‍ സി.പി.എം തയ്യാറാകണം. കണ്ണൂര്‍ അശാന്തമാക്കുന്നതില്‍ സി.പി.എമ്മിന്റെ പങ്ക് വലുതാണ്. ഓരോ രാഷ്ട്രീയ കൊലപാതങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്റെ ഒരുവശത്ത് സി.പി.എമ്മുണ്ട് കണ്ണൂരില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് കഴിഞ്ഞ 40 വര്‍ഷമായി ശ്രമിക്കുന്നു. കണ്ണൂരിലെ നിലക്കാത്ത ദീനരോദനങ്ങള്‍ മയ്യഴി പുഴയ്ക്ക് ഇപ്പുറം കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും എന്നാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കണ്ണൂര്‍വാസികളുടെ രോദനം എത്തിക്കാന്‍ മുന്‍കൈ എടുത്ത കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശുഹൈബ് വധക്കേസ് പ്രതികളായ സിപിഎമ്മുകാരെയും ക്രിമിനല്‍ സംഘങ്ങളെയും സംരക്ഷിക്കാനായി സിബിഐ അന്വേഷണത്തിന് മടികാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന കുറ്റപത്രവും വിചാരണയുടെ ഭാഗമായി വായിച്ചു. തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിന് നേരെ വിരല്‍ ചൂണ്ടി പ്രതീകാത്മകമായി കുറ്റവിചാരണ നടത്തി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപിമാരായ കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ കെ.സി.ജോസഫ്, വി.എസ്. ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, എം.വിന്‍സെന്റ്, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, നേതാക്കളായ കെ.സുരേന്ദ്രന്‍, വി.എ. നാരായണന്‍, കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.