ഒരു മാസമായി സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിതാമതിലിന് പുറകെയാണെന്നും മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം വനിതാ മതില്‍ അനിവാര്യംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന്ത് വര്‍ഗസമരത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

വനിതാമതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പെന്ന് പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഏതില്‍ നിന്നൊക്കെ സമദൂരം എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ മതിലിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്നത്തെ പോലുള്ളവര്‍ നേതൃത്വം കൊടുത്ത ഇടപെടലുകള്‍ ഇന്നും പ്രസക്തമാണ്. നായര്‍ സമുദായത്തിലെ മരുമക്കത്തായം അങ്ങനെ ഇല്ലാതായ ആചാരമാണെന്നും പിണറായി വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വനിതാ മതില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാമതില്‍ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംഘടനയ്ക്ക് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകള്‍ക്ക് പെരുമാറാനാകുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് അത്തരം സംഘടനകളില്‍നിന്നുള്ളവരെല്ലാം വനിതാമതിലില്‍ പങ്കെടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Top