തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലഹരിമരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയ നേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ചു നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണു രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മക്കള്‍ക്കെതിരെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെറ്റുതിരുത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചതാണ്. അതൊന്നും ചെയ്യാതെ അധികാരത്തിന്റെ തണലിലും പാര്‍ട്ടിയുടെ മറവിലും തെറ്റുകള്‍ തുടരുകയാണു ചെയ്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും അഴിമതിയില്‍ ആണ്ടുകിടക്കുമ്പോള്‍ ഇതേക്കുറിച്ച് പാര്‍ട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന അണികളുടെ വികാരം നേതാക്കള്‍ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.