രാഷ്ട്രീയ കേരളത്തിലല്ല, കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ പോലും ഒരു പ്രതിഫലനവും സൃഷ്ടിക്കാന്‍ കഴിയാതെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്ര ഇപ്പോള്‍ സമാപിച്ചിരിക്കുന്നത്. ജനമഹാ യാത്ര എന്ന പേര് തന്നെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കടന്നു പോയി. സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലും ആകര്‍ഷിക്കാന്‍ കഴിയാത്ത ഒരു യാത്ര എന്ന് തന്നെ ഈ യാത്രയെ ഇനി വിലയിരുത്തേണ്ടി വരും.ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയും ഫണ്ട് ശേഖരണം മുന്‍നിര്‍ത്തിയും ആയിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് നിന്നും യാത്ര തുടങ്ങിയത്. രണ്ട് ജില്ലകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഫണ്ട് നല്‍കാത്തതിന് പല കോണ്‍ഗ്രസ്സ് കമ്മറ്റികളും പിരിച്ചുവിടപ്പെട്ടു. ഇങ്ങനെ പോയാല്‍ തലസ്ഥാനത്ത് എത്തും മുന്‍പ് ഭൂരിപക്ഷം കമ്മറ്റികളും പിരിച്ച് വിടേണ്ടി വരുമെന്ന് വ്യക്തമായതോടെ പിന്നീട് മുല്ലപ്പള്ളിക്ക് തന്നെ പിരിച്ചു വിടല്‍ നാടകം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.
കെ.പി.സി.സി ആക്ടിംങ് പ്രസിഡന്റായിരുന്ന എം.എം ഹസ്സന്‍ മുന്‍പ് നടത്തിയ യാത്രയില്‍ പിരിച്ച കോടികളുടെ കണക്ക് വച്ചിട്ട് മതി ഇനി പിരിവ് എന്നതായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പൊതു വികാരം. ഇക്കാര്യത്തില്‍ ഹസ്സന്റെ വിശദീകരണം കൊണ്ടൊന്നും കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം തൃപ്തരായിരുന്നില്ല. ഇതോടെ ഹസ്സന്റെ പിന്‍ഗാമിയായി ഹൈക്കമാന്റ് നിയോഗിച്ച മുല്ലപ്പള്ളി രാമചന്ദ്രനാണ് ശരിക്കും വെട്ടിലായത്. പണമില്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. മുന്‍പ് കേന്ദ്രത്തില്‍ യു.പി.എ ഭരിച്ചിരുന്നപ്പോള്‍ കേരളത്തിലേക്കും പണം ഒഴുകിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം തന്നെ പണമില്ലാതെ ഉഴലുകയാണ്. ഫണ്ടിലെ തുക മാത്രമല്ല, പിരിക്കുന്ന തുകയിലെയും നല്ലൊരു ഭാഗം നേതാക്കള്‍ തന്നെ അടിച്ച് മാറ്റുന്നതാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം.
കേന്ദ്ര ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് ഫണ്ടിനായി കോര്‍പ്പറേറ്റുകളുടെ പിന്നാലെയാണിപ്പോള്‍ കോണ്‍ഗ്രസ്സ് ദേശീയ നേത്യത്വം. ഇന്ത്യാ – പാക്ക് സംഘര്‍ഷം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നതാണ് അവരുടെ കണക്കുക്കൂട്ടല്‍. അതേ സമയം വിചാരിച്ച തുക പിരിഞ്ഞ് കിട്ടിയിട്ടില്ലങ്കിലും കേരളത്തിലെ കോണ്‍ഗ്രസ്സ് നേത്യത്വത്തിന്റെ അവകാശവാദത്തിന് ഒരു കുറവുമുണ്ടായിട്ടില്ല . കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനകീയ മുന്നേറ്റമായി ജനമഹാ യാത്ര മാറിയെന്നതാണ് കെ.പി.സി.സിയുടെ അവകാശവാദം. എന്നാല്‍ സംസ്ഥാനത്തെ ഏതെങ്കിലും ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ നടത്തും ഇതിനേക്കാള്‍ നന്നായി ജാഥ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. അത്രക്ക് ദയനീയമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയുടെ യാത്രാ പെര്‍ഫോമന്‍സ്. ഈ ജനപിന്തുണ വച്ച് ലോകസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഘടകകക്ഷികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. പാരവയ്പ്പും തമ്മിലടിയും ഒഴിവാക്കി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഉപദേശം.
ശബരിമല വിഷയത്തില്‍ രണ്ട് നിലപാട് ആദ്യം സ്വീകരിച്ചത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കി കൊടുത്തു എന്ന അഭിപ്രായം കെ.മുരളീധരനും കെ.സുധാകരനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. കാസര്‍ഗോട്ട് നടന്ന ഇരട്ട കൊലപാതക സഹതാപത്തില്‍ ഈ ‘ക്ഷീണം’ മറികടക്കാന്‍ കഴിയുമെന്ന ഒറ്റ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് നേതൃത്വമിപ്പോള്‍. അടുത്തയിടെ പുറത്ത് വന്ന അഭിപ്രായ സര്‍വേകള്‍ ചൂണ്ടിക്കാട്ടി കേരളം തൂത്ത് വരുമെന്ന കണക്കുകളാണ് ഹൈക്കമാന്റിന് നേതൃത്വം കൈമാറിയിരിക്കുന്നത്. മറിച്ച് സംഭവിച്ചാല്‍ കെ.പി.സി.സി തന്നെ പിരിച്ച് വിട്ട് നേതൃത്വം യുവാക്കളെ രാഹുല്‍ ഗാന്ധി ഏല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് മുകുള്‍ വാസ്‌നിക്ക് തന്നെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.
അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗ്രൂപ്പ് താല്‍പ്പര്യം വരാതിരിക്കാന്‍ ഹൈക്കമാന്റ് ശ്രമിക്കുന്നുണ്ടെങ്കിലും എ – ഐ ഗ്രൂപ്പുകള്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ ബദല്‍ പാനലുമായാണ് മുന്നോട്ട് പോകുന്നത്. തങ്ങള്‍ക്ക് സ്വീകാര്യരല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ പാലം വലിക്കുമെന്നതാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ നിലപാട്. മുല്ലപ്പള്ളിയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നില്ലങ്കിലും അദ്ദേഹത്തെ രണ്ട് ഗ്രൂപ്പുകളും അംഗീകരിക്കുന്നില്ല.
ചുരുക്കി പറഞ്ഞാല്‍ ഒരു യാത്ര കൊണ്ട് ലക്ഷ്യം നടന്നില്ലന്ന് മാത്രമല്ല, പാര്‍ട്ടിക്കുള്ളിലെ പിന്തുണ പോലും കളയുകയാണ് മുല്ലപ്പള്ളി ചെയ്തിരിക്കുന്നത്. ‘എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന പഴമൊഴി പോലെ ആര് നന്നാക്കാന്‍ ശ്രമിച്ചാലും നന്നാകാത്ത അവസ്ഥയില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇങ്ങനെ തന്നെ ഇനിയും പോകും. ജാഥ കണ്ട് വിലയിരുത്തണ്ടെന്നും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ആണെന്ന് ഫലം തെളിയിക്കുമെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അവകാശവാദം. അവരുടെ പ്രതീക്ഷ മുഴുവന്‍ അഭിപ്രായ സര്‍വേകളില്‍ മാത്രമാണ്. ഈ സര്‍വേകള്‍ നല്‍കിയ പ്രതീക്ഷ ബാലറ്റ് പെട്ടി തുറക്കുമ്പോള്‍ ഉണ്ടായില്ലെങ്കില്‍ അതോടെ കേരളത്തില്‍ ‘ഖദര്‍’ രാഷ്ട്രീയത്തിന് ഒരു തീരുമാനമാകും.