മുല്ലപ്പള്ളി ഇന്ന് വാളയാറിലെത്തും, ബിജെപി സത്യഗ്രഹം ഇന്ന് തീരും

പാലക്കാട് : വാളയാറിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷന്‍റെയും പൊലീസിന്‍റെയും വീഴ്ചകൾ എടുത്തുകാട്ടി വിധിപ്രസ്താവം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫ് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്നത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാറിലെത്തും. പ്രതിഷേധത്തിന്‍റെ ഭാഗമായി, തിങ്കളാഴ്ച മുല്ലപ്പള്ളി ഉപവാസം അനുഷ്ഠിക്കുമെന്നും കെപിസിസി അറിയിച്ചു. ദലിത് സംഘടനകളക്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

അതേസമയം, വാളയാർ കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന നൂറു മണിക്കൂർ സത്യഗ്രഹസമരം ഇന്ന് സമാപിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ ഒ രാജഗോപാൽ എംഎൽഎ സമാപനം ഉദ്ഘാടനം ചെയ്യും.വാളയാറില്‍ നിന്നും പാലക്കാട് കലക്ട്രേറ്റിലേക്ക് ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാര്‍ച്ച് നടത്തും.

വാളയാറിൽ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ വേണ്ടെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

Top