രാഹുലോ, പ്രിയങ്കയോ അതോ വേണുഗോപാലോ ഇനി അതുമല്ലങ്കില്‍ വേറെ ആരെങ്കിലുമോ ? നിങ്ങള്‍ എന്തെങ്കിലും ഒന്ന് തീരുമാനിക്ക് കോണ്‍ഗ്രസ്സേ, വയനാട്ടില്‍ നിന്നും മാത്രമല്ലേ രാഷ്ട്രീയ കേരളത്തില്‍ നിന്നാകെ ഉയരുന്ന ആവശ്യമാണിത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ നിര്‍വീര്യമാക്കി ഇങ്ങനെ അനിശ്ചിതത്വം തുടര്‍ക്കഥയാക്കിയ മറ്റൊരു പാര്‍ട്ടിയും രാജ്യത്തുണ്ടാവില്ല. രാഹുല്‍ ഗാന്ധി വരാതിരിക്കാന്‍ ഒരു പാര്‍ട്ടി ഇടപെട്ടു എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. അതായത് കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കാന്‍ മറ്റൊരു പാര്‍ട്ടിക്ക് കഴിയുമെന്നര്‍ത്ഥം.
ഇതിലും ഭേദം മുല്ലപ്പള്ളി ഇരിക്കുന്ന കസേര ഒഴിഞ്ഞ് വേറെ വല്ല പണിക്കും പോകുന്നതാണ്. എത്ര വലിയ വിഡ്ഢിത്തമാണ് മുല്ലപ്പള്ളി പുലമ്പിയത്. സി.പി.എമ്മിനെ ഒളിയമ്പ് എയ്താണ് ഈ വിമര്‍ശനമെന്നത് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. മുല്ലപ്പള്ളി പറഞ്ഞത് ശരിയാണെങ്കില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശരിക്കും സൂക്ഷിക്കുന്നത് നല്ലതാണ്. കേരളത്തില്‍ ആര് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വരണം മുല്ലപ്പള്ളി തുടരണമോ എന്ന് കൂടി ഇനി സി.പി.എം തീരുമാനിച്ചേക്കും. ചരിത്രപരമായ വിഡ്ഢിത്തം എന്ന് പറയുന്നതു പോലെ ചരിത്രപരമായ കള്ളം എന്നാണ് മുല്ലപ്പള്ളിയുടെ ആരോപണത്തേയും വിശേഷിപ്പിക്കേണ്ടത്.
ലോക നാഥ് ബഹറയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് പിണറായിയോട് മോദി പറഞ്ഞിട്ടാണെന്ന് പറഞ്ഞ നാവില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞത് സി.പി.എം മാത്രമല്ല, ഡിഎംകെ ഉള്‍പ്പെടെയുള്ള യു.പി.എയിലെയും ഘടകകക്ഷികള്‍ കൂടിയാണ്. ദേശീയ തലത്തില്‍ സി.പി.എമ്മാണോ ബി.ജെ.പിയാണോ കോണ്‍ഗ്രസ്സിന്റെ പ്രധാന ശത്രു എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്.
ഇവിടുത്തെ മതേതര മനസ്സുകള്‍ക്കു മുന്നില്‍ ഇക്കാര്യം തുറന്ന് പറഞ്ഞ് രാഹുലിനല്ല പ്രിയങ്കക്കു തന്നെ കേരളത്തില്‍ നിന്നും മത്സരിക്കാം. നരേന്ദ്ര മോദിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും അല്ല കമ്മ്യൂണിസ്റ്റുകളാണ് കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് രാജ്യം വിലയിരുത്തട്ടെ.കോണ്‍ഗ്രസ്സിന്റെ നയങ്ങളെ പിന്തുണക്കുന്നതിനോ യു.പി.എ സര്‍ക്കാര്‍ വരണമെന്ന ആഗ്രഹം കൊണ്ടോ അല്ല ഇടതുപക്ഷം കോണ്‍ഗ്രസ്സിനെ അംഗീകരിക്കുന്നത്. അത് ഒരു മതേതര ചേരി അധികാരത്തില്‍ വരണമെന്ന ആഗ്രഹത്താലാണ്.
കാവി പടയെ അധികാരത്തില്‍ നിന്നും തുരത്തുകയാണ് ആത്യന്തികമായി കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം. അതിന് അവര്‍ ദേശീയ തലത്തില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ തിരിച്ച് ‘പണി’ കൊടുക്കാന്‍ ശ്രമിക്കുന്നത് നല്ല സന്ദേശമല്ല നാടിന് നല്‍കുക.സി.പി.എം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം റാലി നയിച്ച രാഹുല്‍ ഗാന്ധി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും ജനവിധി തേടുവാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക സ്വാഭാവികം തന്നെയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ കേരളത്തില്‍ നിന്നും മത്സരിക്കരുതെന്ന് ഒരു സി.പി.എം നേതാവും ആവശ്യപ്പെട്ടിട്ടില്ല. അമേഠി ചതിക്കുമെന്ന് ഭയന്നാണെങ്കിലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദഫലമായാലും ഇവിടെ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവകാശമുണ്ട്. എതിര്‍ക്കാന്‍ സിപിഎമ്മിനുമുണ്ട് അവകാശം.
ഇപ്പോഴത്തെ ഈ സീറ്റ് നാടകം കണ്ട് മടുത്ത പ്രബുദ്ധരായ കേരളത്തിലെ ജനത ഇരുകയ്യും നീട്ടി ഇനി കോണ്‍ഗ്രസിനെ സ്വീകരിക്കുമെന്ന് കരുതിയാല്‍ അത് ഒരു പക്ഷെ അതിമോഹമാകും. വയനാട് സീറ്റിനു വേണ്ടി ഇവിടെ നടന്ന മുഴുവന്‍ പിടിവലികളും കുതന്ത്രങ്ങളും എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 20,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു മാത്രം വിജയിച്ച ഒരു മണ്ഡലം കുത്തക മണ്ഡലമായി കോണ്‍ഗ്രസ്സ് വിധിയെഴുതരുത്. കാരണം നിങ്ങളുടെ കണക്കു കൂട്ടലുകള്‍ ഒരു പക്ഷേ അട്ടിമറിക്കപ്പെടും.
50,000ത്തിനും ലക്ഷത്തിനുമെല്ലാം ഭൂരിപക്ഷത്തിന് വിജയിച്ച പൊന്നാപുരം കോട്ടകള്‍ തകര്‍ന്ന് വീണ മണ്ണാണിത്. മാത്രമല്ല, ഒരു ലോകസഭ മണ്ഡലത്തില്‍ 20,000 എന്ന് പറയുന്ന ഭൂരിപക്ഷം വളരെ ചെറുതുമാണ്. ഒന്നര ലക്ഷത്തോളം വോട്ടിന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മുന്‍പ് വിജയിച്ച മണ്ഡലത്തിലാണ് ഈ വോട്ട് ചോര്‍ച്ച എന്നത് കൂടി കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ് .
രാഹുലോ പ്രിയങ്കയോ ആര് തന്നെ വന്നാലും ഇവിടെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉറക്കം പോകേണ്ട ആവശ്യമില്ലന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍ക്കണം. കോണ്‍ഗ്രസ്സിനോടും ജന്മിത്വത്തിനോടും പടവെട്ടിയാണ് കേരളത്തിന്റെ മണ്ണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ചുവപ്പിച്ചത്. ഇപ്പോള്‍ നിങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നതും ജനം ചുവപ്പിനോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണ്. ലോകസഭ തിരഞ്ഞെടുപ്പിലും തൂത്തെറിയപ്പെട്ടാല്‍ അഡ്രസ്സ് ഉണ്ടാകില്ലന്ന് ഭയന്നാണ് ഗാന്ധി കുടുംബത്തെ തന്നെ ഇറക്കുമതി ചെയ്യുന്നതെന്ന വിമര്‍ശനത്തിനാണ് ആദ്യം മുല്ലപ്പള്ളി മറുപടി പറയേണ്ടത്.