സംയുക്ത സമരത്തില്‍ നിലപാടാവര്‍ത്തിച്ച് മുല്ലപ്പള്ളി; പിന്തുണച്ച് മുരളീധരനും സുധീരനും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി യോജിച്ചുള്ള സംയുക്ത സമരത്തില്‍ നിലപാടാവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പിഎമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്നും താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദ്യേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുല്ലപ്പള്ളിയുടെ നിലപാടിന് പിന്തുണയുമായി കെ മുരളീധരന്‍ എംപിയും വിഎം സുധീരനും രംഗത്തെത്തി. കെ കരുണാകരന്‍ അനുസ്മരണ യോഗത്തിലായിരുന്നു ഇരുവരും മുല്ലപ്പള്ളിയുടെ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തിയത്.

മോദിയുടെ അതേ ആശയമാണ് പിണറായി പിന്തുടരുന്നതെന്ന് സുധീരനും മോദിയുടെ നയം ഡിജിപിയിലൂടെ നടപ്പിലാക്കുകയാണ് പിണറായിയെന്ന് മുരളീധരനും വിമര്‍ശിച്ചു.

കരുണാകരനും ആന്റണിയും ഒന്നിച്ചെടുത്ത തീരുമാനങ്ങള്‍ ഹൈക്കമാന്റ് അംഗീകരിച്ചിരുന്നുവെന്ന് കെ മുരളീധരന്‍ എംപി ഓര്‍മ്മിച്ചു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ആരും അറിയാതെയാണ് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ പ്രക്ഷോഭം നയിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ ഒരുമിച്ച് സമരം ബുദ്ധിമുട്ടാണ്. യെച്ചൂരിയും സോണിയയും ഒന്നിച്ചിരുന്നാല്‍ അത് കേരളത്തില്‍ പ്രായോഗികമല്ല. മോദിയുടെ നയം ഡി ജി പി യിലൂടെ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ചങ്ങലയില്‍ ഒരുമിച്ച് നില്‍ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നിച്ചുള്ള സമരത്തിന് കളമൊരുക്കേണ്ടത് സര്‍ക്കാരാണെന്ന് വി എം സുധീരന്‍ പറഞ്ഞു. ഒന്നിച്ചുള്ള സമരം നല്ലത് തന്നെ. പക്ഷെ മോദിയുടെ അതേ ആശയവുമായി പിണറായിയും മുന്നോട്ട് പോകുന്നു. മോദിയുടെ നയങ്ങള്‍ അതേ പടി നടത്തിയിട്ട് ഒന്നിച്ച് സമരം നടത്തണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

Top