തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ തുറക്കാന്‍ ധാരണ.
കേരളവും തമിഴ്‌നാടും ഇത് സംബന്ധിച്ച ധാരണയിലെത്തി. മുല്ലപ്പെരിയാര്‍ തുറക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
അതേസമയം, അണക്കെട്ട് തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ അയ്യായിരത്തോളം പേരെ ഉടന്‍ തന്നെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഡാം തുറന്നേക്കുമെന്ന് പരിസര വാസികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തുന്നതിനായി തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുന്നുണ്ട്.
ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ ആദ്യ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.
മാത്രമല്ല, ചെറുതോണി അണക്കെട്ടില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും ഇതിന് പിന്നാലെ പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് (ചൊവ്വാഴ്ച) രാത്രി 09.00 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിയേക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുണ്ടെന്നും, ആയതിനാല്‍ യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.