മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതി അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിയുടെ അധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി നാളെ പ്രസ്താവിക്കും.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിലവിലെ അധ്യക്ഷന്‍ ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലെ ചീഫ് എന്‍ജിനീയര്‍ ഗുല്‍ഷന്‍ രാജ് ആണ്. സമിതിയിലെ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍പ്പെട്ടവരാണ്. അംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അധ്യക്ഷന്‍ ജൂനിയറാണെന്നാണ് കേരളത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെയും അധ്യക്ഷന്‍ ആകണമെന്നും കേരളം ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ മറ്റ് 21 സമിതികളുടെ അധ്യക്ഷന്‍ ആണെന്നും അതിനാല്‍ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനാകാന്‍ പറ്റില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2014 മുതല്‍ അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് വരുന്ന ആളെ പെട്ടെന്ന് മാറ്റുന്നത് ശരിയല്ലെന്ന നിലപാട് കോടതിയും സ്വീകരിച്ചു. അധ്യക്ഷനെ മാറ്റുകയാണെങ്കില്‍ മറ്റ് അംഗങ്ങളെയും മാറ്റേണ്ടി വരും. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി.

ഡാം സുരക്ഷാ നിയമ പ്രകാരം ദേശിയ ഡാം സുരക്ഷാ ആതോറിറ്റി രണ്ട് മാസത്തിനുള്ളില്‍ രൂപീകരിക്കേണ്ടതാണ്. അതിനാല്‍ അതോറിറ്റി രൂപീകരിക്കുന്നതിന് സമയ പരിധി നിശ്ചയിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യവും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ അണക്കെട്ടിനാണ് കേരളം ശ്രമിക്കുന്നതെന്ന് തമിഴ്നാട് ആരോപിച്ചു. എന്നാല്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും പരിഗണിക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറപ്പടിവിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ നിരന്തരം ഇടപെട്ടതിനെ തുടര്‍ന്ന് ഉത്തരവ് തുറന്ന കോടതിയില്‍ പറഞ്ഞെഴുതിപ്പിക്കാന്‍ ബുദ്ധിമുട്ട് ആണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് നാളെ ഉത്തരവ് തയ്യാറാക്കി കൊണ്ടുവന്ന് പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കി.

Top