തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി സിപിഎം. ഇക്കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തേണ്ടതില്ല. മുഖ്യമന്ത്രിയുടെ നിലപാട് എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ല. വിഎസ് അല്ല ആര് ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. സമവായത്തിലൂടെ പുതിയ ഡാം വേണമെന്നാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ വിയോജിപ്പറിയിച്ച് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയച്ചിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ പ്രസ്താവന ഇടതുമുന്നണി നിലപാടിന് വിരുദ്ധമാണെന്നും വിഎസ് കത്തില്‍ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്‌തോ എന്ന് തനിക്ക് അറിയില്ല. എല്‍ഡിഎഫ് ചേര്‍ന്ന് ഇക്കാര്യത്തില്‍ ഉചിതമായി തീരുമാനം എടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നു വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നു ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.